തിരുവനന്തപുരം: സംസ്ഥാന സാക്ഷരതമിഷൻ വയനാട് ജില്ലയിൽ നടപ്പാക്കുന്ന പ്രത്യേക ആദിവാസിസാക്ഷരതപദ്ധതി രണ്ടാംഘട്ട പരീക്ഷയിൽ മൊത്തം 2993 പേർ വിജയിച്ചു. വിജയശതമാനം 98.9. വിജയിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 2285 പേർ. മൊത്തം 3090 പേരാണ് പരീക്ഷ എഴുതിയത്. മാനന്തവാടി നഗരസഭയിലെ പടച്ചിക്കുന്ന് കോളനിയിലെ 85കാരി കെമ്പിയാണ് വിജയിച്ചവരിൽ ഏറ്റവും പ്രായം കൂടിയത്. മുപ്പൈനാട് ഗ്രാമപഞ്ചായത്തിലെ വെള്ളരികോളനിയിലെ 18കാരി ശാന്തയാണ് പ്രായം കുറഞ്ഞത്. കൽപറ്റ േബ്ലാക്കിലാണ് ഏറ്റവും കൂടുതൽ പേർ വിജയിച്ചത്. 812 പേർ. വായന, എഴുത്ത്, കണക്ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളെ ആസ്പദമാക്കി മൊത്തം 100 മാർക്കിനായിരുന്നു പരീക്ഷ. 30 മാർക്കാണ് വിജയിക്കാൻ വേണ്ടത്. വായനക്ക് 30 മാർക്കിൽ ഒമ്പത്, എഴുത്തിന് 40 മാർക്കിൽ 12, കണക്കിന് 30 മാർക്കിൽ ഒമ്പത് എന്നിങ്ങനെയായിരുന്നു വിജയിക്കാനുള്ള മാർക്ക്. ജില്ലയിലെ 26 തദ്ദേശസ്ഥാപനങ്ങളിലെ 200 ഉൗരുകളിലായി കഴിഞ്ഞ ഫെബ്രുവരിയിലാണ് രണ്ടാംഘട്ട പ്രവർത്തനം ആരംഭിച്ചത്. പഠിതാക്കളുടെ സൗകര്യാർഥം ദിവസവും വൈകീട്ടായിരുന്നു ക്ലാസുകൾ. രണ്ടാംഘട്ട സർവേയിൽ മൊത്തം 5342 നിരക്ഷരരെയാണ് കണ്ടെത്തിയത്. ഇതിൽ 3133 പേർ സ്ത്രീകളും 2209 പേർ പുരുഷന്മാരുമാണ്. നിരക്ഷരരിൽ 2993 പേർ 15 നും 50 നും ഇടയിൽ പ്രായമുള്ളവരും 2349 പേർ 50 വയസ്സിനുമേൽ പ്രായമുള്ളവരുമാണ്. രണ്ടാംഘട്ടത്തിൽ 200 ഈരുകളിലെ 4371 വീടുകളിലാണ് സർവേ നടത്തിയത്. ഈ വീടുകളിലെ മൊത്തം 16,799 പേരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. മാനന്തവാടി, സുൽത്താൻബത്തേരി, കൽപറ്റ നഗരസഭകളിലും 23 ഗ്രാമപഞ്ചായത്തുകളിലുമാണ് സർവേ നടത്തിയത്. നിരക്ഷരർ, നാല്, ഏഴ്, 10, ഹയർസെക്കൻഡറി തലങ്ങൾ വിജയിക്കാത്തവർ എന്നിങ്ങനെ തിരിച്ചായിരുന്നു സർവേ. നാലാംതരം വിജയിക്കാത്തവർ-1642, നാലാംതരം വിജയിക്കുകയും എന്നാൽ ഏഴാംതരം വിജയിക്കാൻ കഴിയാതെപോയവർ 2402 എന്നിങ്ങനെയാണ് കണ്ടെത്തിയത്. ഏഴാംതരം വിജയിച്ചെങ്കിലും 10ാംതരം കടക്കാത്തവരുടെ എണ്ണം- 2285. 10ാംതരം വിജയിച്ചിട്ടും ഹയർ സെക്കൻഡറി വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയത് 1208 പേരാണ്. ആദ്യഘട്ടത്തിൽ 4309 പേർ വിജയിച്ചിരുന്നു. രണ്ട് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ മൊത്തം 7302 പേർ ഇതുവരെ സാക്ഷരരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.