ഓണാഘോഷത്തിന് കൊടിയിറക്കം; സാംസ്​കാരിക ഘോഷയാത്ര തിങ്കളാഴ്ച

തിരുവനന്തപുരം: ഓണം വാരാഘോഷത്തിൻെറ സമാപനം കുറിച്ചുള്ള സാംസ്കാരിക ഘോഷയാത്ര തിങ്കളാഴ്ച. വൈകീട്ട് അഞ്ചിന് വെള ്ളയമ്പലം കെൽേട്രാൺ ജങ്ഷനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഘോഷയാത്രക്ക് കാഹളം മുഴക്കുന്ന വാദ്യോപകരണമായ കൊമ്പ് കൈമാറും. കേന്ദ്ര-സംസ്ഥാന സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും സഹകരണ മേഖലയുടേയും എൺപതോളം നിശ്ചലദൃശ്യങ്ങളും എൺപത്തഞ്ചോളം കലാരൂപങ്ങളും ഘോഷയാത്രക്ക് മിഴിവേകും. ഘോഷയാത്ര കിഴക്കേകോട്ടയിൽ സമാപിക്കും. യൂനിവേഴ്സിറ്റി കോളജിനു മുന്നിൽ സജ്ജമാക്കുന്ന പവലിയനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ, മന്ത്രിമാർ, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസം മന്ത്രിമാർ, വിശിഷ്ടാതിഥികൾ എന്നിവർ ഘോഷയാത്ര വീക്ഷിക്കും. വിശിഷ്ട അതിഥികൾക്ക് മുന്നിൽ എട്ട് തെയ്യം കലാരൂപങ്ങൾ അവതരിപ്പിക്കും. ഇന്ത്യയുടേയും കേരളത്തിേൻറയും വൈവിധ്യമാർന്ന കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും വാദ്യഘോഷങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. അശ്വാരൂഢ സേനയും വിവിധ സേന വിഭാഗങ്ങളുടെ ബാൻഡുകളും പൊലീസ് ബാൻഡും ഘോഷയാത്രയുടെ ഭാഗമാകും. പൂരക്കളി, വേലകളി, കേരള നടനം, മോഹിനിയാട്ടം, അലാമികളി, ഒപ്പന, മാർഗംകളി, പൊയ്ക്കാൽ മയൂരനൃത്തം, മയിലാട്ടം, ഗരുഡൻ പറവ, അർജുന നൃത്തം, ആഫ്രിക്കൻ നൃത്തം, പരിചമുട്ട് കളി തുടങ്ങി 24 കലാരൂപങ്ങൾ ഘോഷയാത്രയിൽ അവതരിപ്പിക്കും. ഘോഷയാത്ര കടന്നുപോകുന്ന വീഥിയിലെ അഞ്ചു കേന്ദ്രങ്ങളിൽ ഗായകർ നാടൻ പാട്ടുകൾ ആലപിക്കും. വാദ്യോപകരണങ്ങളും മുത്തുക്കുടകളുമായി സി.ആർ.പി.എഫ് ജവാൻമാർ മുന്നിൽ നിരക്കും. വൈകീട്ട് ഏഴിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും. ഘോഷയാത്രയിലെ വിജയികൾക്കുള്ള സമ്മാനവും അദ്ദേഹം വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.