കൊച്ചി: വാക്തർക്കത്തെത്തുടർന്ന് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കാൾ ടാക്സി ഡ്രൈവർ പിടിയിൽ. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ സുഹൃത്തായ കൊല്ലം അഞ്ചൽ സ്വദേശി എബി തോമസിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച തിരുവനന്തപുരം തളിക്കോട് തോട്ടവിള തുരുത്ത് സക്കരിയ മൻസിലിൽ ഷഫീഖാണ് (36) പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. എബി തോമസ് മൂന്നുമാസമായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ താമസിച്ച് കാൾ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഷഫീഖും കാൾ ടാക്സി ഡ്രൈവറാണ്. ശനിയാഴ്ച സുഹൃത്തായ പ്രതി ഫോണിൽ വിളിക്കുകയും ഓട്ടം സംബന്ധിച്ച് സംസാരിക്കുന്നതിനിടെ വാക്തർക്കം ഉണ്ടാവുകയും ചെയ്തു. തുടർന്ന്, രാത്രി ഒമ്പതിന് ഡ്യൂട്ടി കഴിഞ്ഞ് റൂമിൽ എത്തുകയും മൽപിടിത്തമുണ്ടാക്കുകയും ചെയ്തു. ഇതിനിടെ, സ്റ്റീൽ കത്തികൊണ്ട് എബിയുടെ കഴുത്തിനുനേരെ കുത്തുകയായിരുന്നു. കൈകൊണ്ട് തടഞ്ഞതിനാൽ ആഴത്തിൽ മുറിവുണ്ടായില്ല. തുടർന്ന് ഷഫീഖ് എബിയുടെ മുഖത്തും പുറത്തും ഇടതുകൈയിലും കുത്തിപ്പരിക്കേൽപിച്ച് ഓടിമറയുകയുമായിരുന്നു. സ്ഥലത്തെത്തിയ എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ ഉടൻ പ്രതിയുടെ ഫോട്ടോ ശേഖരിച്ച് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഗ്രൂപ്പുകളിലേക്ക് അയച്ചുനൽകി. ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കടവന്ത്ര എസ്.ഐ വിപിൻ കുമാറിൻെറയും റെയിൽവേ പൊലീസിൻെറയും സഹായത്തോടെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം അസിസ്റ്റൻറ് കമീഷണർ ലാൽജിയുടെ നേതൃത്വത്തിൽ സെൻട്രൽ സി.ഐ എസ്. വിജയശങ്കർ, എസ്.ഐമാരായ മധു, ഗോവിന്ദൻ, സി.പി.ഒമാരായ അനിൽ, റെജി എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.