പ്രീ-ടെസ്​റ്റ്​ സെൻസസ്​ 12 മുതൽ

തിരുവനന്തപുരം: ഭാരത സെൻസസ് 2021ന് മുന്നോടിയായി തിരുവനന്തപുരം നഗരപരിധിയിൽ ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 30 വരെ പ്രീ-ടെസ്റ്റ് സെൻസസ് നടക്കും. നഗരസഭയിലെ 2011 സെൻസസ് പ്രകാരമുള്ള 58 മുതൽ 62 വരെയുള്ള വാർഡുകളായ കുര്യാത്തി, കളിപ്പാൻകുളം, കമലേശ്വരം, പഴഞ്ചിറ, അമ്പലത്തറ എന്നിവയെയാണ് പ്രീ-ടെസ്റ്റിനായി തെരഞ്ഞെടുത്തിട്ടുള്ളത്. കേരളത്തിൽ മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണ് പ്രീടെസ്റ്റ് സെൻസസിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ജില്ലതലത്തിൽ ജില്ല കലക്ടറാണ് സെൻസസ് നടത്തുന്നതിനുള്ള മേലധികാരി. നഗരസഭതലത്തിൽ നഗരസഭ സെക്രട്ടറിയാണ് സെൻസസ് ചാർജ് ഓഫിസർ. സെൻസസിന് എന്ന പോലെ പ്രീ-ടെസ്റ്റിനും രണ്ട് ഘട്ടങ്ങളുണ്ട്. വീട് പട്ടിക തയാറാക്കലും വീടുകളുടെ പ്രാഥമിക വിവരശേഖരണവുമാണ് ഇതിലാദ്യം. രണ്ടാംഘട്ടത്തിനായുള്ള തയാറെടുപ്പാണ് ഈ ഘട്ടത്തിൽ നടത്തുന്നത്. ഒരു ഷെഡ്യൂൾ ഉപയോഗിച്ച് 34 വിവരങ്ങളാണ് ശേഖരിക്കുന്നത്. വീടുകളുടെ അവസ്ഥ, ഉപയോഗം, വീട് നിർമിക്കാൻ ഉപയോഗിച്ച സാമഗ്രികൾ, വീടിനുള്ളിൽ താമസിക്കുന്നവരുടെ വിവരം, കുടുംബനാഥനെക്കുറിച്ചുള്ള വിവരങ്ങൾ, ബാങ്കിങ് സർവിസ് തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. കൂടാതെ നാഷനൽ പോപുലേഷൻ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിക്കും. രണ്ടാംഘട്ടമാണ് യഥാർഥ സെൻസസ്. വ്യക്തിവിവരങ്ങളാണ് ഇതിൽ ശേഖരിക്കുന്നത്. കുടുംബത്തിലെ ഓരോ അംഗത്തിൻെറയും വിവരങ്ങൾ ഇതിൽ ശേഖരിക്കും. 28 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രീ-ടെസ്റ്റ് സെൻസസിൻെറ ഭാഗമായി നിയോഗിച്ചിട്ടുള്ള സൂപ്പർവൈസർ, എന്യൂമറേറ്റർ എന്നിവർക്കുള്ള പരിശീലനം ആറു മുതൽ ഒമ്പതുവരെ രാവിലെ 10 മുതൽ അഞ്ചു വരെ തിരുവനന്തപുരം നഗരസഭ കൗൺസിൽ ലോഞ്ച്, നഗരസഭ കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിൽ നടക്കും. സെൻസസിന് നിയോഗിക്കപ്പെട്ടവർ പങ്കെടുക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.