കണ്ടല്‍സംരക്ഷണത്തിന് പ്രത്യേക സംവിധാനം പരിഗണനയില്‍ -മന്ത്രി രാജു

തിരുവനന്തപുരം: കണ്ടൽവനങ്ങളുടെ സംരക്ഷണത്തിനും വിപുലീകരണത്തിനും സംസ്ഥാനത്ത് പ്രത്യേക സംവിധാനമൊരുക്കുന്ന കാര്യം സര്‍ക്കാറിൻെറ പരിഗണനയിലാണെന്ന് മന്ത്രി അഡ്വ. കെ. രാജു. ഇതിനായി കോസ്റ്റല്‍ ആന്‍ഡ് മറൈന്‍ ഇക്കോ സിസ്റ്റം സെല്ലും കേരള മറൈന്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും രൂപവത്കരിക്കണമെന്ന വനംവകുപ്പിൻെറ നിർദേശം സർക്കാർ പരിശോധിച്ചുവരുകയാണെന്നും മന്ത്രി അറിയിച്ചു. കണ്ടല്‍വന ദിനാഘോഷത്തോടനുബന്ധിച്ച് വനംവകുപ്പിൻെറ ആഭിമുഖ്യത്തില്‍ അപ്പോളോ ടയേഴ്‌സും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യ വനംമേധാവി പി.കെ. കേശവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനവ്യാപകമായി നടത്തിയ സര്‍വേയില്‍ സംസ്ഥാനത്ത് 2100 ഹെക്ടര്‍ കണ്ടല്‍വനങ്ങളുണ്ടെന്ന് കണ്ടെത്തിയെന്നും ഇതില്‍ 1100 ഹെക്ടർ വിവിധ സര്‍ക്കാര്‍വകുപ്പുകളുടെ കൈവശമാെണന്നും ഇവക്ക് നിയമപരിരക്ഷ നല്‍കാൻ വനംവകുപ്പ് ശ്രമം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര വനംവകുപ്പ് മാന്‍ഗ്രോവ് സെല്‍ എ.പി.സി.സി.എഫ് എന്‍. വാസുദേവന്‍, ഡബ്ല്യു.ടി.ഐ എക്‌സിക്യൂട്ടിവ് ട്രസ്റ്റി പ്രഫ. ബി.സി. ചൗധരി തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. വനം-വന്യജീവി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സത്യജിത് രാജന്‍ മോഡറേറ്ററായി. ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദര്‍ കുമാര്‍, അപ്പോളോ ടയേഴ്‌സ് സി.എസ്.ആര്‍ മേധാവി റിനികാ ഗ്രോവര്‍ തുടങ്ങിയവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.