കരമനയിലെ സ്‌കൂള്‍, ക്ഷേത്ര കവര്‍ച്ചശ്രമം; മോഷ്​ടാവിനെക്കുറിച്ച എല്ലാ വിവരവും ശേഖരിച്ച് പൊലീസ്

പാളയംകോട്ടയില്‍നിന്ന് കരമനയിലേക്ക് കൂടുതല്‍ പ്രിയം ഇലക്‌ട്രോണിക് ഉപകരണങ്ങളോട് നേമം: കരമനയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും സമീപത്തെ മാടന്‍കോവിലിലും കവര്‍ച്ചശ്രമം നടത്തിയ മോഷ്ടാവിനെക്കുറിച്ച എല്ലാ വിവരവും പൊലീസ് ശേഖരിച്ചു. ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. ഇടുക്കി സ്വദേശി ജയരാജ് (30) ആണ് ഈ മോഷ്ടാവെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ തിരുവനന്തപുരം നഗരം വിട്ടുപോയിട്ടില്ല എന്നാണ് അറിയുന്നത്. ചങ്ങനാശ്ശേരിയില്‍വരെ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. തമിഴ്‌നാട്ടിലെ പാളയംകോട്ട ജയിലില്‍നിന്ന് രണ്ടാഴ്ച മുമ്പാണ് പ്രതി ശിക്ഷ കഴിഞ്ഞിറങ്ങിയത്. അതിനുശേഷമുള്ള ആദ്യ മോഷണമാണ് കരമനയിലേത്. കൃത്യമായി ഒരു താമസസ്ഥലമില്ലാത്ത ഇയാള്‍ തിരുവനന്തപുരം നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ കറങ്ങിനടക്കുകയും കടത്തിണ്ണകളിലും മറ്റും അന്തിയുറങ്ങുകയും ചെയ്യുന്നയാളാണ്. വീടുമായി കാര്യമായ അടുപ്പം ഇല്ലെന്നുതന്നെ പറയാം. ചെറിയതോതില്‍ ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പൊലീസ് പറയുന്നു. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളോടാണ് മോഷ്ടാവിന് ഏറെ കമ്പം. സെക്യൂരിറ്റി ലോക്ക് ഉപയോഗിച്ചിട്ടുള്ള ഉപകരണങ്ങള്‍ ഇയാള്‍ ഉപേക്ഷിക്കും. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവയാണ് ഇയാള്‍ പ്രധാനമായും മോഷ്ടിക്കുന്നത്. സ്‌കൂളുകളിലും ക്ഷേത്രത്തിലും കയറിയ ഇയാള്‍ക്ക് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ലഭിക്കാത്തതോടെയാകാം മോഷ്ടിക്കാന്‍ സാധിക്കാത്തതെന്ന അനുമാനത്തിലാണ് കരമന പൊലീസ്. ക്ഷേത്രത്തിനുള്ളില്‍ കാണിക്കവഞ്ചി കുത്തിത്തുറന്നെങ്കിലും കാര്യമായ പണം ഇല്ലാതിരുന്നതിനാല്‍ അതും എടുത്തില്ല. കൃത്യമായ ആസൂത്രണം നടത്തി മോഷണം നടത്താന്‍ മിനക്കെടാത്ത ഇയാള്‍ ജില്ല വിട്ടുപോകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിൻെറ കണക്കുകൂട്ടല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.