മീഡിയനുകളിലെ അനധികൃത പരസ്യങ്ങൾ നീക്കണം -മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: മീഡിയനുകളിലും ഡിവൈഡറുകളിലും നിയമവിരുദ്ധമായി പരസ്യബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ നഗരസഭ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്. റോഡ് സുരക്ഷ അതോറിറ്റിയുടെ നിർദേശപ്രകാരം സിറ്റി പൊലീസ് നിഷ്കർഷിക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ ഡിവൈഡറുകളും മീഡിയനുകളും പൊതുമരാമത്ത് വകുപ്പ് തന്നെ സ്ഥാപിക്കണമെന്നും കമീഷൻ കൂട്ടിച്ചേർത്തു. ഡിവൈഡറുകളിൽ സിറ്റി ട്രാഫിക് പൊലീസ് സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ ബോർഡ് സ്ഥാപിക്കുന്നത് ഹൈകോടതി വിധിയുടെ ലംഘനമാണെന്നാരോപിച്ച് മനുഷ്യാവകാശ പ്രവർത്തകനായ ഷെഫിൻ കവടിയാർ നൽകിയ പരാതിയിലാണ് ഉത്തരവ്. എം.ജി റോഡിൽ സിറ്റി ട്രാഫിക് പൊലീസ് സ്ഥാപിച്ച ഡിവൈഡറുകളിൽ സ്വകാര്യ സ്ഥാപനങ്ങൾ സ്ഥാപിച്ച പരസ്യങ്ങൾ നീക്കം ചെയ്തെങ്കിലും മണിക്കൂറുകൾക്കുള്ളിൽ വീണ്ടും സ്ഥാപിച്ചതായി നഗരസഭ അറിയിച്ചു. പരസ്യങ്ങൾ വീണ്ടും സ്ഥാപിച്ചവർക്കെതിരെ കേസെടുക്കാൻ സിറ്റി പൊലീസ് കമീഷണർക്ക് കത്ത് നൽകി. പുനഃസ്ഥാപിച്ച പരസ്യങ്ങൾ വീണ്ടും നീക്കം ചെയ്തതായും നഗരസഭ കമീഷന് നൽകിയ റിപ്പോർട്ടിലുണ്ട്. എന്നാൽ, മീഡിയനുകളിൽ പരസ്യം സ്ഥാപിക്കാൻ ട്രാഫിക് പൊലീസ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവി കമീഷനെ അറിയിച്ചു. റോഡ് ഫണ്ട് ബോർഡിന് മീഡിയൻ സ്ഥാപിക്കാൻ ഫണ്ട് ലഭ്യമല്ല. ഇതിൻെറ അടിസ്ഥാനത്തിലാണ് സ്വകാര്യ വ്യക്തികൾ റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത് എന്നിവയുടെ അനുമതിയോടെ ബാരിക്കേഡും മീഡിയനും സ്ഥാപിച്ചത്. മീഡിയൻ സ്ഥാപിച്ചതുവഴി ഇരുചക്രവാഹനങ്ങൾ റോഡ് മുറിച്ചുകടക്കുന്നതും അലക്ഷ്യമായ കാൽനടയാത്രയും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് ഡിവൈഡറുകൾ സ്ഥാപിക്കാത്ത സാഹചര്യത്തിലാണ് സ്വകാര്യ വ്യക്തികളെ കൊണ്ട് ഡിവൈഡറുകൾ സ്ഥാപിക്കാൻ പൊലീസ് നിർബന്ധിതമായതെന്ന് കമീഷൻ നിരീക്ഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.