തിരുവനന്തപുരം: സ്കൂൾ കോളജ് വിദ്യാർഥികൾക്ക് മയക്കു ഗുളിക വിതരണം ചെയ്ത യുവാവിനെ സിറ്റി ഷാഡോ പോലീസ് പിടികൂടി. വലിയവേളി തൈവിളാകം വീട്ടിൽ വിജയൻെറ മകൻ ബിജീഷ് (22) ആണ് പിടിയിലായത്. മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നഗരത്തിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് മയക്കുഗുളിക വിൽക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇയാൾ പിടിയിലായത്. നൂറ്റമ്പതോളം മയക്കു ഗുളികകളും വ്യാജ കുറിപ്പടികളും കണ്ടെടുത്തിട്ടുണ്ട്. മാനസിക വിഭ്രാന്തിയുള്ളവർക്ക് രോഗശമനത്തിന് നൽകുന്ന ഗുളികകളാണിത്. വിദ്യാർഥികൾക്കിടയിൽ മുട്ടായി, പടയപ്പ, പടം എന്നീ പേരുകളിലാണിതറിയപ്പെടുന്നത്. പത്തെണ്ണത്തിന് കേവലം 30 രൂപ മാത്രം വിലയുള്ള ഗുളികക്ക് 500 മുതൽ 700 രൂപ വരെ ഇൗടാക്കിയാണ് വിദ്യാർഥികൾക്ക് വിൽക്കുന്നത്. ഇതിൽ പല മരുന്നുകളുടെയും വിപണനത്തിന് ശക്തമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മരുന്ന് കുറിപ്പടികൾ വ്യാജമായി നിർമിച്ചാണ് ഇത്തരം ഗുളികകൾ വാങ്ങി ആവശ്യക്കാർക്ക് വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ലഹരി വസ്തുക്കൾ എത്തുന്നത് തടയുന്നതിന് സിറ്റി പൊലീസ് കമീഷണർ രൂപവത്കരിച്ച പ്രത്യക ഷാഡോ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ. പ്രമോദ് കുമാറിൻെറ മേൽനോട്ടത്തിൽ മ്യൂസിയം എസ്.എച്ച്.ഒ സുനിൽ, എസ്.ഐ ഹരിലാൽ ഷാഡോ എ.എസ്.ഐമാരായ യശോധരൻ, ഗോപകുമാർ, ഷാഡോ ടീമംഗങ്ങൾ എന്നിവർ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.