തീർഥപാദമണ്ഡപത്തിലെ അനധികൃത നിർമാണം നീക്കം ചെയ്തു

തിരുവനന്തപുരം: തീർഥപാദമണ്ഡപത്തിലെ അനധികൃത നിർമാണം റവന്യൂ അധികൃതർ നീക്കം ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് പാത്ര ക്കുളം നിലനിന്ന തീർഥപാദമണ്ഡപത്തിലെ ഭൂമിയിൽ പുതിയൊരു മണ്ഡപം കെട്ടിത്തുടങ്ങിയത്. ഇതറിഞ്ഞ് റവന്യൂ അധികൃതർ എത്തുമ്പോൾ ഏതാണ്ട് നാലുവരി കട്ടയുടെ ഉയരത്തിൽ നിർമാണം നടക്കുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ട്രസ്റ്റ് അധികൃതരാണ് നിർമാണം നടത്തിയത്. തീർഥപാദമണ്ഡപത്തിൻെറ 65 സൻെറ് ഭൂമി തിരിച്ചുപിടിക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ ട്രസ്റ്റ് അധികൃതർ നേരത്തേ ഹൈകോടതിയെ സമീപിച്ചിരുന്നു. സർക്കാർ ഉത്തരവ് മൂന്നുമാസത്തേക്ക് നടപ്പാക്കരുതെന്ന് സ്റ്റേ ഉത്തരവും ലഭിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന സ്ഥലത്ത് നിർമാണപ്രവർത്തനം നടത്തിയാൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി റവന്യൂ അധികൃതർ സ്റ്റോപ് മെമ്മോ നൽകുകയും നിർമാണം പൊളിച്ചുമാറ്റണമെന്ന് നിർദേശം നൽകുകയും ചെയ്തു. കാര്യം ബോധ്യപ്പെടുത്തിയതോടെ ട്രസ്റ്റ് അധികൃതർതന്നെ നിർമാണം പൊളിച്ചുനീക്കാൻ തയാറായി. സ്ഥലം സർക്കാർ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസ് ജൂലൈ 27ന് കോടതി പരിഗണിക്കാനിരിക്കെയാണ് അനധികൃത നിർമാണം നടത്തിയത്. അതിനാൽ റവന്യൂ വകുപ്പ് ഈ അനധികൃത നിർമാണവും കോടതിയെ അറിയിക്കുമെന്ന് തഹസിൽദാർ 'മാധ്യമ'ത്തോട് പറഞ്ഞു. എൽ.ആർ ഡെപ്യൂട്ടി കലക്ടർ റഹിം, തഹസിൽദാർ എ. ഹരിചന്ദ്രൻ നായർ, ഭൂരേഖ തഹസിൽദാർ എസ്. വിനീഷ്, ഡെപ്യൂട്ടി തഹസിൽദാർമാരായ ഷാജു.എം.എസ്, കെ.ജി. മോഹൻ, വില്ലേജ് ഒാഫിസർ രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.