കമ്യൂണിറ്റി കമ്പോസ്റ്റിങ് സംവിധാനവും ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: രാജാജി നഗറിലെ മാലിന്യപ്രശ്നം ശാശ്വതമാ യി പരിഹരിക്കുന്നതിന് മേയർ നേരിട്ടെത്തി. ആമയിഴഞ്ചാൻ തോട് മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഇതിൻെറ ഭാഗമായാണ് മേയർ അഡ്വ.വി.കെ. പ്രശാന്തിൻെറ നേതൃത്വത്തിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, വാർഡ് കൗൺസിലർ അഡ്വ. ജയലക്ഷ്മി, നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, രാജാജി നഗറിലെ വിവിധ സംഘടന പ്രതിനിധികൾ, നഗരസഭ ഗ്രീൻ ആർമി പ്രവർത്തകർ എന്നിവരുടെ സംഘം രാജാജി നഗറിലെത്തിയത്. രാജാജിനഗറിലെ 900ത്തിലധികം വരുന്ന കുടുംബങ്ങളിലെ മാലിന്യം സംസ്കരിക്കുന്നതിനുള്ള കമ്യൂണിറ്റി കമ്പോസ്റ്റിങ് സംവിധാനവും ഉദ്ഘാടനം ചെയ്തു. പോർട്ടബിൾ തുമ്പൂർമൂഴി യൂനിറ്റുകൾ സ്ഥാപിച്ചു. നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി തുമ്പൂർമൂഴി എയ്റോബിക് ബിന്നുകളും മെറ്റീരിയൽ റിക്കവറി ഫെസിലിറ്റിയും ഉടൻതന്നെ സ്ഥാപിക്കുമെന്ന് മേയർ അറിയിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് മാലിന്യം ശേഖരിച്ച് ആമയിഴഞ്ചാൻ തോട്ടിൽ നിക്ഷേപിക്കുന്ന ചുരുക്കം ചിലരുടെ പ്രവർത്തനം ആ പ്രദേശത്തെ മുഴുവൻ ആളുകളുടെയും ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്നതാണ്. ഇത് അടിയന്തരമായി അവസാനിപ്പിക്കുന്നതിന് രാജാജി നഗർ നിവാസികൾ ഒന്നടങ്കം മുന്നോട്ടുവരണമെന്ന് മേയർ ആവശ്യപ്പെട്ടു. മാലിന്യം ശേഖരിച്ച് ജലാശയങ്ങളിൽ നിക്ഷേപിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ഇതിലേക്കായി കേരള പൊലീസിൻെറ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും മേയർ അറിയിച്ചു. ഹൗസിങ് കോളനിയിൽ മാലിന്യ സംസ്കരണത്തെക്കുറിച്ച് ബോധവത്കരണം നടത്തി. അജൈവമാലിന്യ ശേഖരണ കലണ്ടറും ലഘുലേഖയും വിതരണം ചെയ്ത് മേയറും സംഘവും ബോധവത്കരണം നടത്തുകയും ചെയ്തു. രാജാജിനഗറിലെ താമസക്കാർക്ക് തങ്ങളുടെ വീടുകളിൽ ഉണ്ടാകുന്ന ജൈവമാലിന്യം തരംതിരിച്ച് പോർട്ടബിൾ എയ്റോബിക് ബിന്നുകളിൽ കൈമാറാവുന്നതാണ്. അജൈവ മാലിന്യം നഗരസഭ കലണ്ടർ അനുസരിച്ച് ശേഖരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. നഗരസഭ ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ വരുംദിവസങ്ങളിലും ബോധവത്കരണ കാമ്പയിൻ തുടരും. പ്രവർത്തനങ്ങൾക്ക് ഹെൽത്ത് സൂപ്പർവൈസർമാരായ പ്രകാശ്, അജിത്കുമാർ, സെക്രേട്ടറിയറ്റ് ഹെൽത്ത് ഇൻസ്പെക്ടർ എൻ.വി. അനികുമാർ എന്നിവർ മേൽനോട്ടം വഹിച്ചു. WASTE
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.