ശബരിമല: വിശ്വാസികളെ മുഴുവൻ കൂടെ നിർത്താനായി​ല്ലെന്ന്​ എൽ.ഡി.എഫ്​ കൺവീനർ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വിശ്വാസികളെ മുഴുവൻ കൂടെ നിർത്താൻ എൽ.ഡി.എഫിനായില്ലെന്ന് കൺവീനർ എ. വിജയരാഘവൻ. ശബ രിമലയിൽ വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന യു.ഡി.എഫ് പ്രഖ്യാപനം സംശയാസ്പദമാണെന്നും തിരുവനന്തപുരം പ്രസ്ക്ലബിൻെറ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ എൽ.ഡി.എഫ് നിലപാട് എല്ലാവരെയും ബോധ്യപ്പെടുത്താനായില്ല. എന്നാൽ, ശബരിമലയാണ് വോട്ട് നഷ്ടപ്പെടുത്തിയതെന്ന് പറയാൻ കഴിയില്ല. കേരളത്തിൽ നാലുലക്ഷം സി.പി.എം അംഗങ്ങളുണ്ട്. ബാക്കിയുള്ളവർ പാർട്ടി അനുഭാവികളോ ബന്ധുക്കളോ മറ്റ് ജനവിഭാഗങ്ങളോ ആണ്. എല്ലാ വിഭാഗങ്ങളും സ്ഥായിയായി നിൽക്കില്ല. അവർ അഭിപ്രായങ്ങൾക്ക് വിധേയരാവും. പൂച്ചക്കുവരെ ജാതി ചേർക്കുന്ന കാലത്താണ് പുരോഗമന കാഴ്ചപ്പാട് പ്രചരിപ്പിക്കേണ്ടിവരുന്നത്. ശബരിമല വിഷയത്തിൽ മാത്രമല്ല തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയുടെ ഹിന്ദുത്വ തീവ്രവാദ അജണ്ടയായിരുന്നു പ്രധാന പ്രചാരണ വിഷയം. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ ഇതിൻെറ പേരിൽ ഏകീകരണമുണ്ടായി. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ വന്ന് മോദിയെ പ്രതിരോധിക്കുമെന്ന പ്രചാരണം ശക്തമായിരുന്നു. കേരളത്തിൽ രാഹുലിനെ സംബന്ധിച്ച വ്യാജ നിർമിതി നടന്നു. മതന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ഏകോപിപ്പിച്ചു. കൂട്ടത്തിൽ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബി.ജെ.പി ആക്രമണോത്സുക പ്രചാരണവും യു.ഡി.എഫ് അവസരവാദ പ്രചാരണവും നടത്തി. സുപ്രീംകോടതി വിധിയിൽ സർക്കാർ സ്വീകരിച്ചത് ശരിയായ രാഷ്ട്രീയ നിലപാടായിരുന്നു. ജനവിധി സി.പി.എമ്മും എൽ.ഡി.എഫും സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ തിരുത്തൽ വരുത്തും. ശബരിമല വിഷയത്തിൽ വെള്ളാപ്പള്ളി നടേശന് മുമ്പും വ്യത്യസ്ത അഭിപ്രായമാണ്. നവോത്ഥാന സംരക്ഷണ പ്രവർത്തനവും മുന്നണിയും നല്ല രീതിയിൽ മുന്നോട്ട് പോകാനാണ് സാധ്യത. വിശ്വാസ സംരക്ഷണത്തിന് ഭരണഘടനാ മൗലികാവകാശത്തിൻമേൽ നിയമമുണ്ടാക്കാൻ കഴിയില്ല. ആലത്തൂരിൽ രമ്യ ഹരിദാസിനെക്കുറിച്ച തൻെറ പ്രസംഗത്തിൻെറ രണ്ടര മിനിട്ട് വിഡിയോ മാത്രം കണ്ടാണ് ആക്ഷേപം ഉന്നയിക്കുന്നത്. തൻെറ പ്രസംഗവും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞിട്ടില്ല. സി.പി.എമ്മിനെ പ്രത്യേക തരത്തിൽ വരച്ചുകാട്ടാൻ മാധ്യമങ്ങളിൽ ഒരു വിഭാഗം ശ്രമിക്കുന്നെന്നായിരുന്നു ശൈലി മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച ചോദ്യത്തിനുള്ള പ്രതികരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.