ആമയിഴഞ്ചാന്‍തോട് ശുചീകരണം 11,12 തീയതികളില്‍

തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസം 11, 12 തീയതികളില്‍ ആമയിഴഞ്ചാന്‍ തോട് ശുചീകരണയജ്ഞം നടത്തും. രാവിലെ ഏഴു മുതല്‍ ശുചീകരണം ആരംഭിക്കും. ആമയിഴഞ്ചാന്‍ തോടിൻെറ കണ്ണമ്മൂല മുതല്‍ ആക്കുളം വരെയുള്ള ഭാഗമാണ് ശുചീകരിക്കുക. മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ആര്‍മി, ഫയര്‍ഫോഴ്സ്, സി.ആര്‍.പി.എഫ്, പൊലീസ്, എന്‍.സി.സി, വിവിധ രാഷ്ട്രീയകക്ഷികള്‍, ബഹുജന-സർവിസ് സംഘടനകള്‍, നഗരസഭ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരടക്കം വന്‍ ജനകീയ പങ്കാളിത്തത്തോടുകൂടി ആമയിഴഞ്ചാന്‍ തോട് ശുചീകരണ യജ്ഞം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. തിരുവനന്തപുരം റെയില്‍വേ കനാല്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് റെയില്‍വേയുടെ അനുമതി വാങ്ങി വൃത്തിയാക്കണമെന്ന് യോഗത്തില്‍ തീരുമാനമെടുത്തു. മേജര്‍ ഇറിഗേഷന്‍ വകുപ്പിൻെറ നേതൃത്വത്തില്‍ ആമയിഴഞ്ചാന്‍ തോടിൻെറ ഇരുകരയിലുള്ള കൈയേറ്റങ്ങള്‍ കണ്ടുപിടിച്ച് ബണ്ട് റോഡ് മാര്‍ക്ക് ചെയ്യും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം താലൂക്ക് തഹസില്‍ദാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ആമയിഴഞ്ചാന്‍ തോടിലുള്ള മാലിന്യവും മണലും നീക്കം ചെയ്യുന്നതിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് നിർദേശം നല്‍കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഡിപ്പാര്‍ട്ട്മൻെറ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നഗരസഭ പള്ളിത്തുറ പാലം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ വൃത്തിയാക്കും. ഒഴുക്ക് തടസ്സപ്പെടുത്തുന്ന മുഴുവന്‍ മരങ്ങളും മരങ്ങളുടെ ശിഖരങ്ങളും മുറിക്കാനും നടപടി സ്വീകരിക്കും. പൊതുമരാമത്ത് വകുപ്പിൻെറ (റോഡ്സ് വിഭാഗം) നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി റോഡുകളിലുള്ള മുഴുവന്‍ ഓടകളും വൃത്തിയാക്കും. ശുചീകരണയ‍ജ്ഞത്തിന് ആവശ്യമായ ടിപ്പര്‍, എക്സ്കവറ്റേർ തുടങ്ങിയവ ബന്ധപ്പെട്ട സംഘടനകളുടെ സഹകരണത്തോടെ വിന്യസിക്കണമെന്നും തീരുമാനിച്ചു. ശുചീകരണ ചുമതല ഏരിയ തിരിച്ച് നല്‍കും. നീക്കം ചെയ്യുന്ന മാലിന്യം സംഭരിക്കുന്നതിന് നഗരസഭ സ്ഥലം കണ്ടെത്തി നല്‍കണമെന്നും യോഗത്തില്‍ തീരുമാനമെടുത്തു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എൻജിനീയര്‍ ബാലചന്ദ്രൻ ‍പി.കെ കണ്‍വീനറായും നഗരസഭ ഹെല്‍ത്ത് ഓഫിസര്‍ ഡോ. എ. ശശികുമാര്‍ ജോയൻറ് കണ്‍വീനറായുമുള്ള കമ്മിറ്റിക്ക് രൂപം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.