ആറ്റിങ്ങൽ: അവധിക്കാല കലാപരിശീലനങ്ങളോടെ ചിറയിന്‍കീഴ് കലാഗ്രാമം കലാരംഗത്ത് ചിറയിന്‍കീഴിന് ഉണര്‍വേകുന്നു. കുരുന്നു പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഉതകുന്നതരത്തിലാണ് കലാഗ്രാമം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അടഞ്ഞുകിടന്ന കലാഗ്രാമം കെട്ടിടങ്ങളില്‍ അംഗന്‍വാടിയുടെ പ്രവര്‍ത്തനം മാത്രമാണുണ്ടായിരുന്നത്. ചെണ്ട പരിശീലനവും നൃത്ത പരിശീലനവും ആണ് ആരംഭിച്ചത്. ഇതര കലകളിലും പരിശീലന പരിപാടികള്‍ ഉടന്‍ ആരംഭിക്കും. പഞ്ചായത്തിൻെറ സഹകരണത്തോടെയാണ് പരിശീലനം. ചിറയിന്‍കീഴിൻെറ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ഇത്തരത്തിലൊരു കേന്ദ്രം. ചിറയിന്‍കീഴിലെ കലാ സാംസ്‌കാരിക നായകന്മാരുടെ സ്മരണക്കായി ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ചതാണ് ഇത്. പ്രേംനസീര്‍, ശങ്കരപ്പിള്ള, ഭരത് ഗോപി എന്നിവരുടെ ചിത്രം സ്ഥാപിച്ചതൊഴിച്ചാല്‍ യാതൊരു പ്രവര്‍ത്തനവും നടന്നിരുന്നില്ല. സര്‍ക്കാര്‍ പദ്ധതികള്‍ പ്രാവര്‍ത്തികമായിരുന്നില്ല. പ്രാദേശികതലത്തിലുള്ള നിരന്തര സമ്മർദത്തെതുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് വര്‍ഷം മുമ്പ് ഉന്നതോദ്യോഗസ്ഥ സംഘത്തെ പദ്ധതി തയാറാക്കാന്‍ നിയോഗിച്ചു. സംഘം സ്ഥലം സന്ദര്‍ശിക്കുകയും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ലൈബ്രറിയും ചലച്ചിത്ര മ്യൂസിയവും ഹാളും കലാപരിശീലനവും ഉള്‍പ്പെടെയുള്ളതാണ് പ്രോജക്ട്. കേരളീയ തനിമയുള്ള കെട്ടിടസമുച്ചയത്തിലാകും ഇവയെല്ലാം പ്രവര്‍ത്തിക്കുക. സ്മാരക ശിൽപങ്ങളും ലാന്‍ഡ്സ്‌കേപ്പിങ്ങും പദ്ധതിയിലുള്‍പ്പെടുത്തിയിരുന്നു. പഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് ഒരു ശിൽപവും മതില്‍ മോടി പിടിപ്പിക്കലും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.