കൊട്ടാരക്കര: കോട്ടാത്തല മൂഴിക്കോട് പ്രദീപ് നിവാസിൽ സാവിത്രിയമ്മയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മ കനും സൈനികനുമായ പ്രദീപ് ആവശ്യപ്പെട്ടു. വ്യാജ ഡോക്ടർ ചമഞ്ഞ് വിവാഹതട്ടിപ്പ് നടത്തിയതായി പരാതിയുള്ള പുനലൂർ കരവാളൂർ സ്വദേശിനി റീനയുടെ (അനാമിക) ഭർത്താവാണ് പ്രദീപ്. തന്നെയും കുടുംബത്തെയും റീന ആൾമാറാട്ടം നടത്തി വഞ്ചിക്കുകയായിരുന്നെന്നും പത്ത് ലക്ഷത്തോളം രൂപയും 15 പവൻ സ്വർണവും കൈവശപ്പെടുത്തിയെന്നും പ്രദീപ് പറയുന്നു. കഴിഞ്ഞദിവസമാണ് സൈനികൻ അവധിക്ക് നാട്ടിലെത്തിയത്. ഒക്ടോബർ 27നാണ് സാവിത്രിയമ്മ മരിച്ചത്. ഹൃദയാഘാതമാണ് അമ്മയുടെ മരണകാരണമെന്ന് റീന ബന്ധുക്കളെയും നാട്ടുകാരെയും ധരിപ്പിച്ചു. ആശുപത്രിയിൽ കൊണ്ടുപോകണമെന്ന നിർദേശം അംഗീകരിച്ചില്ല. സാവിത്രിയമ്മക്ക് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രദീപ് പറയുന്നു. 2017ലാണ് പ്രദീപും അനാമികയും വിവാഹിതരായത്. അനാഥയാണെന്നും എം.ബി.ബി.എസ് പഠനം മൂന്നുവർഷം പിന്നിട്ടെന്നും തെറ്റിധരിപ്പിച്ചാണ് ഇവർ അടുത്തത്. വൃക്ക രോഗിയാണെന്ന് വിവാഹശേഷം വെളിപ്പെടുത്തിയ ഇവർ ചികിത്സക്കും എം.ബി.ബി.എസ് പഠനപൂർത്തീകരണത്തിനുമെന്ന പേരിലാണ് പത്ത് ലക്ഷം കൈവശമാക്കിയത്. പിന്നീട് റെയിൽവേയിൽ ഡോക്ടറായി ജോലി ലഭിച്ചെന്നു പറഞ്ഞ് തിരുവനന്തപുരം െറയിൽവേ ആശുപത്രിയിൽ കൊണ്ടുപോയി പരിചയപ്പെടുത്തുകയും ചെയ്തു. സാവിത്രിയമ്മയുടെ മരണശേഷം വീട് വൃത്തിയാക്കുമ്പോൾ ബന്ധുക്കൾക്ക് ലഭിച്ച െറയിൽവേ ടിക്കറ്റിൽനിന്നാണ് അനാമിക എന്നപേരിൽ വീട്ടിൽ കഴിഞ്ഞിരുന്നത് റീനയാണെന്ന് തിരിച്ചറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ കരവാളൂർ സ്വദേശിയാണെന്നും മുമ്പ് രണ്ടു വിവാഹം കഴിച്ചിരുന്നെന്നും കണ്ടെത്തി. തുടർന്നാണ് പ്രദീപിൻെറ സഹോദരി കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയത്. കേസിൽ ഹൈകോടതിയിൽനിന്ന് റീന മുൻകൂർ ജാമ്യം നേടി. പൊലീസ് വിശദമായ അന്വേഷണം നടത്തിയാലേ അമ്മയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹതയും തട്ടിപ്പിൻെറ ആഴവും വ്യക്തമാകൂ എന്നും പ്രദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.