തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജനയുൾപ്പെടെ ഭവന നിർമ്മാണപദ്ധതികളുടെ ഭാഗമായി വീട് നിർമിക്കാൻ സൗജന്യമാ യി എയർപോർട്ട് എൻ.ഒ.സി ലഭ്യമാക്കുമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്നു. എൻ.ഒ.സി ചെലവ് കോർപറേഷനും എയർപോർട്ട് അതോറിറ്റിയും വഹിക്കുമെന്ന് കൗൺസിൽ യോഗത്തിൽ തീരുമാനിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. അതേസമയം, പദ്ധതി ഗുണഭോക്താക്കളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് കഴിഞ്ഞവർഷം ജൂലൈ രണ്ടിന് എയർപോർട്ട് അതോറിറ്റി ചെയർമാൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. പദ്ധതി ഗുണഭോക്താക്കളുടെ എൻ.ഒ.സി ചെലവിൻെറ പകുതി എയർപോർട്ട് അതോറിറ്റി വഹിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. കത്തിന് തുടർനടപടികൾ ഉണ്ടായിട്ടില്ല. ഇതിനിടെ എൻ.ഒ.സി ലഭ്യമാക്കുന്നതിനുള്ള സൈറ്റ് എലിവേഷൻ തയാറാക്കുന്ന ഏജൻസികളിൽ നിന്ന് കോർപറേഷൻ ടെൻഡർ ക്ഷണിച്ചിരുന്നു. മൂന്ന് സ്ഥാപനങ്ങൾ ടെൻഡറിൽ പങ്കെടുത്തു. ഇതിൽ 4000 രൂപ സമർപ്പിച്ച ഏജൻസിയെ െതരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ, ഇക്കാര്യങ്ങളൊന്നും എയർപോർട്ട് അതോറിറ്റിയെ കോർപറേഷൻ അറിയിച്ചിട്ടില്ലെന്നാണ് വിവരം. റെഡ്സോൺ പരിധിയിൽ 400ഓളം പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കളാണ് വീട് പൂർത്തിയാക്കി ടി.സിക്കായി കാത്തിരിക്കുന്നത്. എയർപോർട്ട് എൻ.ഒ.സി കിട്ടിയാൽ മാത്രമേ ടി.സിയും പദ്ധതിയുടെ അവസാന ഗഡുവായ 80,000 രൂപയും ലഭിക്കൂ. 500 ഗുണഭോക്താക്കൾ കെട്ടിടനിർമാണ അനുമതിക്കായും കാത്തിരിപ്പിലാണ്. ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, അമ്പലത്തറ, ശംഖുംമുഖം, വെട്ടുകാട്, പൂന്തുറ, വള്ളക്കടവ്, വലിയതുറ എന്നീ വാർഡുകൾ പൂർണമായും പെരുന്താന്നി, ചാക്ക, ശ്രീവരാഹം, പുത്തൻപള്ളി, മുട്ടത്തറ എന്നീ വാർഡുകൾ ഭാഗികമായും റെഡ് സോണിൽ ഉൾപ്പെടും. ഇതിന് തൊട്ടടുത്തായിട്ടുള്ള മറ്റു ചില വാർഡുകളെ നീല, പർപ്പിൾ, മഞ്ഞ, ഗ്രേ, ഇളം നീല, ഇളം പർപ്പിൾ, ഇളം പച്ച സോണുകളിലായും പുതിയ മാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.