തിരുവനന്തപുരം: ബാർട്ടൺഹിൽ സ്വദേശി അനിൽകുമാറിനെ വെട്ടിക്കൊന്ന കേസിൽ രണ്ടുപേർ കൂടി കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടാനേതാവിനും സംഭവത്തിൽ പങ്കുണ്ടെന്ന സംശയം പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം പിടിയിലായ ജീവൻ ഇതുസംബന്ധിച്ച് വിവരം നൽകിയെന്നാണ് സൂചന. ഇയാളുടെ ഫോൺകാൾ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. കേസിലെ പ്രധാനി ജീവനെ കോടതിയിൽ ഹാജരാക്കി. തൻെറ വീടാക്രമിച്ച്, ഗർഭിണിയായ സഹോദരിയെ മർദിച്ചതിൻെറ വൈരാഗ്യമാണ് അനിൽകുമാറിൻെറ കൊലയിലേക്ക് നയിച്ചതെന്നാണ് ജീവൻ മൊഴി നൽകിയിരിക്കുന്നത്. വീടാക്രമണത്തിനുശേഷവും അനിൽകുമാർ നിരന്തരം ഭീഷണിമുഴക്കി. ഇതു സഹിക്കാനാകാതെയാണ് കൊലനടത്താൻ തീരുമാനിച്ചതെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.15 നായിരുന്നു കൊലപാതകം. സുഹൃത്തുക്കളുമൊത്ത് മദ്യപിക്കാൻപോയ അനിൽകുമാറിനെ കോളനിക്കുസമീപം വെട്ടേറ്റ് ചോരവാർന്നനിലയിൽ കണ്ടെത്തുകയായിരുന്നു. ജീവനാണ് കൃത്യത്തിന് പിന്നിലെന്ന് അന്നുതന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. നേരത്തേ സുഹൃത്തുക്കളായിരുന്നു ഇവർ. പിന്നീട് പലകാരണങ്ങളാൽ തെറ്റിപ്പിരിഞ്ഞു. കൊലക്കുശേഷം ബൈക്കിൽ രക്ഷപ്പെട്ട ജീവൻ രാത്രി തലസ്ഥാനത്ത് തങ്ങിയ ശേഷം പുലർച്ചയോടെ ബസിൽ കയറി തമിഴ്നാട്ടിലേക്ക് കടന്നു. സൈബർ സെൽ സഹായത്തോടെ കഴിഞ്ഞദിവസം രാവിലെ പ്രതിയെ പിടികൂടി. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന് ഇയാളെ കസ്റ്റഡിയിൽ വാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.