* ബജറ്റ് കീറിയെറിഞ്ഞ് പ്രതിഷേധം, എതിർത്ത് വോട്ട് ചെയ്ത് ബി.ജെ.പി തിരുവനന്തപുരം: യു.ഡി.എഫ് ബഹിഷ്കരണത്തിനിടെ കേ ാർപറേഷൻ ബജറ്റ് പാസാക്കി. ബജറ്റ് കീറിയെറിഞ്ഞുള്ള പ്രതിഷേധം നടന്നെങ്കിലും ഇതെല്ലാം അവഗണിച്ച് ബജറ്റ് പാസാക്കുകയായിരുന്നു. ബി.ജെ.പിയിലെ 34 കൗൺസിലർമാർ ബജറ്റിനെ എതിർത്ത് വോട്ട് ചെയ്തു. എതിർത്ത് വോട്ട് ചെയ്ത് ബജറ്റ് പരാജയപ്പെടുത്തുമെന്നായിരുന്നു യു.ഡി.എഫ് നേരത്തേ അറിയിച്ചിരുന്നത്. അങ്ങനെയെങ്കിൽ നേരിയ ഭൂരിപക്ഷത്തിൽ ഭരണം നടത്തുന്ന എൽ.ഡി.എഫിന് വെല്ലുവിളിയാകുമായിരുന്നു. യു.ഡി.എഫ് വിട്ടുനിന്നതോടെ ഭരണപക്ഷത്തെ 44 അംഗങ്ങളുടെ പിന്തുണയോടെ ബജറ്റ് പാസാവുകയായിരുന്നു. രണ്ട് ദിവസങ്ങളിലായി അഞ്ചര മണിക്കൂർ നീണ്ട പൊതുചർച്ചക്കും മൂന്നരമണിക്കൂർ വകുപ്പുതിരിച്ചുള്ള ചർച്ചക്കും ശേഷമാണ് ബജറ്റ് പാസാക്കിയത്. ശനിയാഴ്ച നടന്ന വകുപ്പ് തിരിച്ചുള്ള ചർച്ചക്കുശേഷം ഡെപ്യൂട്ടി മേയർ രാഖി രവികുമാർ മറുപടി പറയാൻ തുടങ്ങുന്നതിന് മുമ്പാണ് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയത്. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നതും ലൈഫ് പദ്ധതിയുടെ ഭാഗമായി സ്ഥലമില്ലാത്തവർക്ക് സ്ഥലം വാങ്ങി വീട് നിർമിച്ച് നൽകുന്ന പ്രവർത്തനം ആരംഭിക്കാത്ത സാഹചര്യവും കൗൺസിൽ നിർത്തിെവച്ച് ചർച്ചചെയ്യണമെന്ന പ്രമേയത്തിന് യു.ഡി.എഫ് നേതാക്കളായ ഡി. അനിൽകുമാറും ബീമാപള്ളി റഷീദും അവതരണാനുമതി തേടി. എന്നാൽ, ബജറ്റ് ചർച്ചക്കിടെ പ്രമേയം അനുവദിക്കാൻ കഴിയില്ലെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞതോടെ യു.ഡി.എഫ് അംഗങ്ങൾ ബജറ്റ് കീറിപ്പറത്തി പുറത്തേക്കിറങ്ങി. വകുപ്പ് തിരിച്ചുള്ള ചർച്ചയിലും രാഷ്ട്രീയമാണ് നിറഞ്ഞത്. ആർ. സതീഷ്കുമാർ, തിരുമല അനിൽ, ജോൺസൺ ജോസഫ്, മധുസൂദനൻ നായർ, ബിന്ദു ശ്രീകുമാർ, വി.ആർ. സിനി, പീറ്റർ സോളമൻ, വി.ആർ. ഗിരികുമാർ, പാളയം രാജൻ, എം.ആർ. ഗോപൻ, ആർ.സി. ബീന തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. െഡപ്യൂട്ടി മേയർക്കെതിരെ ബി.ജെ.പി പ്രതിഷേധം തിരുവനന്തപുരം: ബജറ്റ് ചർച്ചക്കിടെ ബി.ജെ.പി ഉന്നയിച്ച രാഷ്ട്രീയ ആരോപങ്ങൾക്ക് ഡെപ്യൂട്ടി മേയർ രാഖി രവികുമാർ മറുപടി നൽകി. ഇത് പ്രതിഷേധത്തിന് കാരണമായി. ശബരിമലയിൽ പോകാൻ ഇടതു കൗൺസിലർമാരെ വെല്ലുവിളിച്ച കരമന അജിത്തിന് നൽകിയ മറുപടി ബി.ജെ.പി അംഗങ്ങളെ പ്രകോപിതരാക്കി. സ്ത്രീ പ്രവേശനവിധിയെതുടർന്ന് ശബരിമലയിൽ പോകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും വിവാദങ്ങൾ വേണ്ടെന്നുെവച്ചാണ് അതിന് തയാറാകാത്തതെന്ന് െഡപ്യൂട്ടി മേയർ പറഞ്ഞു. ഇടതുപക്ഷം തീരുമാനിച്ചാൽ ഡി.വൈ.എഫ്.ഐയിലെയും മഹിളാ സംഘത്തിലെയും സ്ത്രീകൾ ശബരിമല കയറുമെന്നും അവർ കൂട്ടിച്ചേർത്തു. ഇതോടെ ബി.ജെ.പി അംഗങ്ങൾ ഡെപ്യൂട്ടി മേയർക്കുനേരെ പ്രതിഷേധവുമായെത്തി. മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങിയ ബി.ജെ.പി കൗൺസിലർമാർ ബജറ്റ് കീറിയെറിഞ്ഞു. ഡെപ്യൂട്ടി മേയർക്ക് സംരക്ഷണം തീർക്കാൻ ഭരണപക്ഷ അംഗങ്ങളുമെത്തിയതോടെ സംഘർഷാന്തരീക്ഷമുണ്ടായി. ബഹളം തുടർന്നെങ്കിലും രാഖി രവികുമാർ പ്രസംഗം തുടർന്നു. മേയർ ആവശ്യപ്പെട്ടതോടെ ഭരണപക്ഷ അംഗങ്ങൾ സീറ്റുകളിലേക്ക് മടങ്ങി. ഇതോടെ ബി.ജെ.പിക്കാരും ശാന്തരായി. മാറുമറയ്ക്കൽ സമരവും കല്ലുമാല സമരവും ഉൾപ്പെടെ നവോത്ഥാന പോരാട്ടങ്ങളെ പരാമർശിച്ചായിരുന്നു െഡപ്യൂട്ടി മേയർ സംസാരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.