ചരിത്രം പുനഃസൃഷ്​ടിച്ച് 'അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്'

തിരുവനന്തപുരം: നിറഞ്ഞ സദസ്സിനുമുന്നിൽ വി.ടി. ഭട്ടതിരിപ്പാടി​െൻറ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് നാടകം വീണ്ടും അവതരിപ്പിച്ചു. ചരിത്രം വേദിയിൽ പുനഃസൃഷ്ടിക്കപ്പെട്ടപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് ആസ്വാദകർ സ്വീകരിച്ചത്. ക്ഷേത്രപ്രവേശന വിളംബരത്തി​െൻറ 82ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് വി.ജെ.ടി ഹാളിൽ നാടകം അരങ്ങേറിയത്. കൊല്ലം കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലും കുടുംബശ്രീയും ചേർന്നാണ് നാടകം അവതരിപ്പിച്ചത്. ഒമ്പത് ദശകങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സാമൂഹികപരിഷ്‌കർത്താവുകൂടിയായ വി.ടി. ഭട്ടതിരിപ്പാട് തീപ്പന്തം പോലെ വലിച്ചെറിഞ്ഞ നവോത്ഥാന ആയുധമായിരുന്നു 'അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്' എന്ന നാടകം. ഉന്നതവിദ്യാഭ്യാസത്തിനായി മദിരാശിയിലേക്ക് പോകുന്ന മാധവനും പതിമൂന്നുകാരിയായ ദേവകിയുമാണ് പ്രധാന കഥാപാത്രങ്ങൾ. പുതുലോകത്തി​െൻറ പ്രഭാതത്തിലേക്ക് ചുവടുെവച്ചിറങ്ങുന്ന പെൺകരുത്തി​െൻറ സന്ദേശമാണ് നാടകം നൽകിയത്. കുടുംബത്തിലെ മൂത്ത നമ്പൂതിരിക്കു മാത്രം വേളി വിധിച്ചിരുന്ന സമൂഹത്തിൽ ഇതിനെതിരെ പോരാടുന്ന കുഞ്ചുവും പതിമൂന്നുകാരിയെ വേളി കഴിക്കാനെത്തുന്ന എൺപതുകാരൻ നമ്പൂതിരിയും ഉഴിത്രനും ഓതിക്കനും ഇട്ടങ്ങേലിയും മുത്തശ്ശിയുമെല്ലാം കാഴ്ചക്കാരുടെ മനസ്സിനെ പിടിച്ചുലച്ചു. പെണ്ണകം എന്ന കൂട്ടായ്മയിലുള്ളവരാണ് സ്ത്രീവേഷങ്ങൾ ചെയ്തത്. ഇതിൽ അധ്യാപികമാരും വിദ്യാർഥിനികളുമുണ്ടായിരുന്നു. മോഹൻ മൈനാഗപ്പള്ളി സംവിധാനം ചെയ്ത നാടകത്തി​െൻറ രചന നിർവഹിച്ചത് വി.പി. ജയപ്രകാശ് മേനോനും വടക്കുംതല ശ്രീകുമാറുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.