വിരമിച്ച ഡി.ഐ.ജിക്ക് കരാർ നിയമനം: ജയിൽ മേധാവിയുടെ ശിപാർശ ആഭ്യന്തരവകുപ്പ് തള്ളി

തിരുവനന്തപുരം: വിരമിച്ച ജയിൽ ഡി.ഐ.ജിയെ ഉയർന്ന ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കണമെന്ന ജയിൽ മേധാവിയുടെ ശിപാർശ ആഭ്യന്തരവകുപ്പ് തള്ളി. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇത്തരം നിയമനം അനുവദിക്കാനാകില്ലെന്നും ചട്ടവിരുദ്ധമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് ശിപാർശ തള്ളിയത്. ദക്ഷിണമേഖല ജയിൽ ഡി.ഐ.ജിയായിരുന്ന ബി. പ്രദീപ് ജൂലൈ 31നാണ് വിരമിച്ചത്. ജയിൽ പരിശീലനകേന്ദ്രമായ സിക്കയുടെ (സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ) അധിക ചുമതല പ്രദീപിനുണ്ടായിരുന്നു. പ്രദീപിനെ പ്രതിമാസം 50,000 രൂപ വേതനത്തിന് സിക്കയുടെ നോഡൽ ഓഫിസറായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കണമെന്നാണ് ജയിൽ മേധാവി ആർ. ശ്രീലേഖ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടത്. പുറമെ ഇദ്ദേഹത്തിന് രണ്ട് ഡ്രൈവർമാരും കാറും തിരുവനന്തപുരത്ത് പ്രത്യേക ക്വാർട്ടേഴ്സും അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഏഴുവർഷം സിക്കയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് പ്രദീപ്. പ്രദീപ് വിരമിച്ചതോടെ ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജിയായ സന്തോഷിന് സിക്കയുടെ അധികചുമതല നൽകി സർക്കാർ ഉത്തരവും ഇറക്കി. ഇതിന് പുറമെയാണ്, നോഡൽ ഓഫിസറുടെ സേവനംകൂടി ജയിൽമേധാവി ആവശ്യപ്പെട്ടത്. ആഭ്യന്തരവകുപ്പ് ശിപാർശ ധനവകുപ്പി​െൻറ പരിഗണനക്ക് അയച്ചെങ്കിലും ധനവകുപ്പ് ഫയൽ മടക്കുകയായിരുന്നു. പുതിയ തസ്കിക സൃഷ്ടിക്കുകയും ഓഫിസും രണ്ട് ഡ്രൈവർമാരെയും വിട്ടുകൊടുക്കുകയും ചെയ്യുേമ്പൾ പ്രതിമാസം വൻതുക ഖജനാവിന് നഷ്ടം വരുമെന്നും ധനവകുപ്പ് അറിയിച്ചു. വിരമിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ബി. പ്രദീപിന് ഐ.ജി റാങ്കിലേക്ക് പ്രമോഷൻ നൽകണമെന്ന ജയിൽ വകുപ്പി​െൻറ ശിപാർശയും ധനവകുപ്പ് തള്ളിയിരുന്നു. ജയിൽ ഐ.ജിയായിരുന്ന എച്ച്. ഗോപകുമാർ മൂന്നുമാസത്തെ അവധിയിൽ പ്രവേശിച്ചതിനെതുടർന്നാണ് ബി. പ്രദീപിനെ ഐ.ജിയായി പ്രമോഷൻ നൽകണമെന്ന് ജയിൽ മേധാവി ആവശ്യപ്പെട്ടത്. എന്നാൽ, ആർ. ശ്രീലേഖയുടെ ശിപാർശയിന്മേൽ ധനകാര്യവകുപ്പ് നടത്തിയ പരിശോധനയിൽ ഐ.ജി എച്ച്. ഗോപകുമാറിന് യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് നൽകിയ പ്രമോഷൻതന്നെ ചട്ടവിരുദ്ധമാണെന്നും അതിനാൽ ഗോപകുമാറിനെ ഡി.ഐ.ജി റാങ്കിലേക്ക് തരംതാഴ്ത്തണമെന്നും ധനവകുപ്പ് ആവശ്യപ്പെടുകയായിരുന്നു. ബി. പ്രദീപ് സ്ഥാനമൊഴിഞ്ഞതോടെ 'സിക്ക'യിലെ പരിശീലനങ്ങൾ മുടങ്ങിയെന്നും 150ഓളം പേരുടെ പരിശീലനം പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് പരിചയസമ്പന്നനായ ഉദ്യോഗസ്ഥ​െൻറ സേവനം സർക്കാറിനോട് ആവശ്യപ്പെട്ടതെന്നും ആർ. ശ്രീലേഖ 'മാധ്യമ'ത്തോട് പറഞ്ഞു. ശിപാർശ പിന്നീട് തള്ളിയെന്നും മറിച്ചുള്ള ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അവർ അറിയിച്ചു. -അനിരു അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.