കൊല്ലം: യന്ത്രവത്കൃത ബോട്ടുകളുടെ തീരത്തോട് ചേർന്ന് വലയെറിഞ്ഞ് മത്സ്യബന്ധനം(കരവലി) നടത്തുന്നതിനെ ചൊല്ലി മത്സ്യത്തൊഴിലാളികൾ ചേരിതിരിഞ്ഞത് കൊല്ലം ബീച്ച് മുതൽ പള്ളിത്തോട്ടം ഹാർബർ വരെയുള്ള തീരപ്രദേശങ്ങളിൽ സംഘർഷാവസ്ഥക്ക് കാരണമായി. കരവലിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കെതിരെ യന്ത്രവത്കൃത ബോട്ടുകളിലെ തൊഴിലാളികൾ സംഘടിച്ചതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. യന്ത്രവത്കൃത ബോട്ടുകൾ തീരത്തോട് ചേർന്ന് വലയെറിഞ്ഞ് മത്സ്യബന്ധനം നടത്തുന്നതാണ് കരവലിയെന്നു പറയുന്നത്. രണ്ടാഴ്ചയായി കൊല്ലം തീരത്ത് കരവലിയെ ചൊല്ലി തർക്കം നിലനിൽക്കുകയാണ്. കേരള മറൈൻ ഫിഷറീസ് ആക്ട് പ്രകാരം പരവൂർ മുതൽ മഞ്ചേശ്വരം വരെ 20 മീറ്റർ ആഴമുള്ള സ്ഥലം മുതലേ യന്ത്രവത്കൃത ബോട്ടുകൾ മത്സ്യബന്ധനം നടത്താനാകൂ. 20 മീറ്റർ ആഴത്തിന് മുമ്പുള്ളിടത്താണ് പരമ്പരാഗത തൊഴിലാളികൾ വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നത്. ഈ നിയമത്തിന് വിരുദ്ധമായി ഒമ്പത് മീറ്റർ ആഴം മുതൽ കഴിഞ്ഞ രണ്ടാഴ്ചയായി മത്സ്യബന്ധനം നടത്തുകയാണെന്ന് പറയുന്നു. കനത്തമഴയെ തുടർന്ന് ആഴക്കടലിൽനിന്ന് മത്സ്യക്കൂട്ടങ്ങൾ കൂട്ടത്തോടെ തീരക്കടലിൽ എത്തിയെന്നാണ് കരവലിക്കുള്ള ന്യായീകരണമായി ബോട്ടുടമകൾ പറയുന്നത്. പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികളുടെ പരാതിയെ തുടർന്ന് ഒരാഴ്ച മുമ്പ് ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെൻറും സംയുക്തമായി കരവലി നടത്തിയ ഏഴ് ബോട്ടുകൾ പിടിച്ചെടുത്ത് രണ്ടര ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. എന്നിട്ടും യന്ത്രവത്കൃത ബോട്ടുകൾ കരവലി തുടർന്നതോടെ തിങ്കളാഴ്ച വൈകീട്ടോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി തീരത്ത് നിലയുറപ്പിച്ചു. ഇതിനെതിരെ യന്ത്രവത്കൃത ബോട്ടുകളിലെ തൊഴിലാളികൾ രംഗത്തെത്തിയതോടെ വാക്കേറ്റം സംഘർഷത്തിെൻറ വക്കിലേക്ക് നീണ്ടു. എ.ആർ ക്യാമ്പിൽനിന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. കരവലി നടത്തുന്ന ബോട്ടുകൾ പിടിച്ചെടുക്കാൻ രാത്രി വൈകിയും ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെൻറും തീരത്ത് പരിശോധന നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.