കൊല്ലം: രൻജിത് ജോൺസെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. മുമ്പ് മയക്കുമരുന്നു കേസിലെ പ്രതിയായ ഒരാളും പ്രധാന പ്രതി പാമ്പ് മനോജിെൻറ സുഹൃത്തുമാണ് പിടിയിലായത്. കേസിൽ പിടികിട്ടാനുള്ള പ്രതികളിൽ ഒരാളായ കാട്ടുണ്ണിക്ക് ഒളിച്ചു താമസിക്കുന്നതിന് മയ്യനാട് ആയിരംതെങ്ങ് ഇരട്ട പള്ളിക്ക് സമീപം വീട് വാടകക്കെടുത്തു കൊടുത്തത് ഇപ്പോൾ പിടിയിലായ മുൻ മയക്കുമരുന്ന് കേസ് പ്രതിയാണ്. ഇയാളുടെ ഫോണിലേക്ക് കൊലക്കേസിലെ പ്രതികൾ നിരവധി തവണ വിളിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരട്ട പള്ളിക്കടുത്ത് ഇവർ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽനിന്ന് നിരവധി സിമ്മുകൾ പൊലീസിന് ലഭിച്ചു. സിമ്മുകളും ഫോണുകളും പ്രതികൾ മാറി മാറി ഉപയോഗിക്കുന്നത് പൊലീസിന് തലവേദനയായിരിക്കുകയാണ്. കാട്ടുണ്ണിയുടേതെന്നു കരുതുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നു കാറുകളാണ് ഇവർ ഉപയോഗിച്ചിരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വാടക വീട്ടിൽനിന്ന് രക്ഷപ്പെടുമ്പോഴും ഈ കാറുകൾ ഇവരുടെ കൈവശം ഉണ്ടായിരുന്നു. പ്രതികൾ തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ തമിഴ്നാടിെൻറ വിവിധ ഭാഗങ്ങളിൽ പൊലീസ് സംഘം അന്വേഷണം നടത്തുകയാണ്. പാമ്പ് മനോജ് എന്ന മനോജ് ഉൾപ്പെടെ നാലു പ്രതികളുമായി ബന്ധമുണ്ടായിരുന്നവരെല്ലാം പൊലീസിെൻറ നിരീക്ഷണത്തിലാണ്. പ്രതികൾക്ക് കാർ നൽകിയവരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. കേസിൽ പിടിയിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുന്ന രണ്ടു പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ മറ്റു പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.