പത്തനാപുരം: പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ച വിദ്യാലയങ്ങളിലെ കുട്ടികൾക്ക് കൈനിറയെ കോഴിമുട്ടകൾ നൽകി മൃഗസംരക്ഷണവകുപ്പ്. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ മുട്ടവിതരണം കമുകുംചേരി പുതിയ എൽ.പി സ്കൂളിലെ നൂറോളം കുട്ടികൾക്ക് ആയിരം കോഴിമുട്ടകൾ നൽകി ജില്ല പഞ്ചായത്തംഗം ആശാ ശശിധരൻ ഉദ്ഘാടനംചെയ്തു. തെന്മല, ആര്യങ്കാവ് അച്ചൻകോവിൽ, എലിക്കാട്ടൂർ, പിറവന്തൂർ, ഉറുകുന്ന്, തൊളിക്കോട്, പുനലൂർ, ചെമ്പനരുവി, ഇളമ്പൽ, പത്തനാപുരം, വന്മള എന്നിവിടങ്ങളിലെ എൽ.പി, യു.പി, ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലായി ഒരുലക്ഷം മുട്ടകൾ വിതരണംചെയ്യുന്നുണ്ട്. നാമക്കൽ ആസ്ഥാനമായ നാഷനൽ കോ-എഗ് കമ്മിറ്റിയുടെ സംരക്ഷണത്തോടെയാണ് വകുപ്പ് കോഴിമുട്ടകൾ സംസ്ഥാനത്തെത്തിച്ചത്. ഭക്ഷ്യയോഗ്യമാണെന്ന് പരിശോധിച്ചുറപ്പിച്ച ശേഷമാണ് വിദ്യാലയങ്ങളിൽ വിതരണംചെയ്യുന്നത്. രണ്ടുദിവസത്തിനകം വിതരണം പൂർത്തിയാകുന്നതോടെ ജില്ലയിലെ കിഴക്കൻ മേഖലയിലെ പതിനായിരത്തോളം വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ഡി. ഷൈൻ കുമാർ പറഞ്ഞു. മൃഗസംരക്ഷണവകുപ്പിെൻറ ആംബുലൻസുകളിൽ എത്തിക്കുന്ന മുട്ടകൾ കുട്ടികൾക്ക് നൽകുന്നത് ചെറുബാഗുകളിൽ നിറച്ചു സുരക്ഷിതമാക്കിയാണ്. ചടങ്ങിൽ തലവൂർ പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് അധ്യക്ഷത വഹിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ. ബി. അജിത് ബാബു, വെറ്ററിനറി സർജൻമാരായ ഡോ. അനസ്, ഡോ. അരുൺ കുര്യൻ, ഡോ. മനോജ് ജോൺസൻ പ്രധാന അധ്യാപിക ശ്രീദേവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.