കോർപറേഷൻ കൗൺസിൽ പ്രളയം: സർക്കാർ വിഹിതം കുറയും; തുക വകയിരുത്തിയ പദ്ധതികൾ ഉപേക്ഷിക്കാൻ തീരുമാനം

തിരുവനന്തപുരം: നഗരസഭ തുക വകയിരുത്തിയ മിക്ക പദ്ധതികളും ഉപേക്ഷിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. പ്രളയത്തി​െൻറ പശ്ചാത്തലത്തിൽ സർക്കാറിൽനിന്ന് നഗരസഭക്ക് ലഭിക്കേണ്ട വിഹിതത്തിൽ കുറവുവന്നതും മറ്റ് ഭവന നിർമാണ പദ്ധതികൾക്ക് കൂടുതൽ തുക കണ്ടെത്തേണ്ടതുമാണ് കാരണമെന്ന് മേയർ വി.കെ. പ്രശാന്ത് ചൂണ്ടിക്കാട്ടി. അതിനാൽ ലൈഫ് പദ്ധതി ഈ സാമ്പത്തിക വർഷം നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ജനറൽ, എസ്.സി വിഭാഗങ്ങളിലായി ഈ സാമ്പത്തിക വർഷം ലൈഫ് പാർപ്പിട പദ്ധതിക്കായി വകയിരുത്തിയ തുക കേന്ദ്ര സർക്കാറി​െൻറ പ്രധാൻമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) യിലേക്ക് വകമാറ്റും. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ജനറൽ വിഭാഗത്തിന് സ്ഥലം വാങ്ങാൻ 10,29,54,800 രൂപയാണ് ഈ സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ വകയിരുത്തിയിരുന്നത്. ഇതിൽ ഒമ്പതു കോടിയും പി.എം.എ.വൈ പദ്ധതിയിലേക്ക് വകമാറ്റി. പട്ടികജാതിയിൽപെട്ട ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങുന്നതിന് നഗരസഭ വിഹിതമായി 3,80,60,000 രൂപ വകയിരുത്തിയിരുന്നു. സമാനമായി മറ്റൊരു പദ്ധതി നിലവിലുള്ളതിനാൽ ഇത് ഉപേക്ഷിച്ചു. ഇറച്ചി മാലിന്യ സംസ്കരണത്തിനായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയും ഉപേക്ഷിച്ചു. 13ാം ധന കമീഷ​െൻറ വിഹിതമായി അഞ്ചുലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്. 40 ലക്ഷം ചെലവിൽ നേമം, പാങ്ങപ്പാറ താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് നിർമിക്കാനുള്ള പദ്ധതി, ന്യായവിലയിൽ മരുന്നുകൾ ലഭ്യമാക്കാനുള്ള അനന്തപുരി മെഡിക്കൽസ്, കോട്ടൺ സാനിട്ടേഷൻ നിർമാണ യൂനിറ്റ് എന്നിവയും ഉപേക്ഷിച്ച പദ്ധതികളുടെ പട്ടികയിലുണ്ട്. നഗരസഭ ആസ്തികൾ സംരക്ഷിക്കുന്നതിന് ഒരുകോടി വകയിരുത്തിയിരുന്നതിൽ 70 ലക്ഷം രൂപയും വകമാറ്റി. ജനറൽ വിഭാഗത്തിലെ 200 പുരുഷന്മാർക്ക് ഓട്ടോറിക്ഷ വാങ്ങുന്നതിന് ധനസഹായം നൽകാനുള്ള പദ്ധതിയിൽ ഗുണഭോക്താക്കളുടെ എണ്ണം 75 ആയി ചുരുക്കി. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ പുത്തരിക്കണ്ടത്തെ നായനാർ പാർക്ക് നവീകരണവും തമ്പാനൂരിലെ സ്കൈ വാക്ക് സ്ഥാപിക്കലും ജനകീയാസൂത്രണ പദ്ധതിയിൽനിന്ന് മാറ്റി. സ്ഥലം ലഭ്യമല്ലെന്ന കാരണത്താൻ കുടപ്പനക്കുന്ന് വാർഡിലെ പാർക്ക് നിർമാണം ഉപേക്ഷിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.