തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായശേഖരണത്തിനായി ജില്ലയിലെ വിദ്യാലയങ്ങൾ ഒരുങ്ങുന്നു. കേരളത്തിെൻറ പുനർനിർമാണത്തിനായി 11ന് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഏകദിന ധനശേഖരണ യജ്ഞത്തിൽ കഴിയാവുന്നത്ര പണം ശേഖരിച്ചുനൽകാനുള്ള തയാറെടുപ്പുകളിലാണ് സ്കൂളുകൾ. മിക്ക സ്‌കൂളുകളും ദിവസങ്ങൾക്കുമുമ്പേ ധനശേഖരണം തുടങ്ങിക്കഴിഞ്ഞു. സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള സ്‌കൂളുകളെ ഉൾപ്പെടുത്തിയാണ് ധനസമാഹരണം. കുട്ടികൾ ശേഖരിക്കുന്ന തുക അന്നേദിവസം രാവിലെ 10ന് കോട്ടൺഹിൽ സ്‌കൂളിൽനിന്നും ഉച്ചക്ക് 12ന് പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങും. ക്ലാസ് അടിസ്ഥാനത്തിലാണ് ധനശേഖരണം നടക്കുന്നത്. നേരത്തേ ജില്ലയിലെ മിക്ക സ്‌കൂളുകളും പ്രളയക്കെടുതി ബാധിച്ച സ്ഥലങ്ങളിലേക്ക് അവശ്യസാധനങ്ങളെത്തിച്ചും കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വാങ്ങിനൽകിയും മാതൃകയായിരുന്നു. പൊതുജനങ്ങളിൽനിന്നും ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണ യജ്ഞവും 11നു തുടക്കമാകും. തിരുവനന്തപുരം താലൂക്കിലും ഉച്ചകഴിഞ്ഞ് മൂന്നുമുതൽ അഞ്ചുവരെ വി.ജെ.ടി ഹാളിലും മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ നേതൃത്വത്തിൽ ധനസമാഹരണം നടത്തും. 13ന് രാവിലെ പത്തു മുതൽ ഉച്ചക്ക് ഒന്നു വരെ നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിലും 14ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നു വരെ ആറ്റിങ്ങൽ ടൗൺ ഹാളിലും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചു വരെ വർക്കല മുനിസിപ്പൽ ഓഫിസ് ഹാളിലും ധനശേഖരണം നടത്തും. നെയ്യാറ്റിൻകര താലൂക്കിലെ ധനശേഖരണം 15ന് രാവിലെ പത്തു മുതൽ ഉച്ച ഒന്നുവരെ നെയ്യാറ്റിൻകര ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിലും കാട്ടാക്കട താലൂക്കിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെ ക്രിസ്ത്യൻ കോളജ് ഓഡിറ്റോറിയത്തിലും നടക്കും. ചെക്കുകളും ഡ്രാഫ്റ്റുകളുമായാണ് പണം സ്വീകരിക്കുന്നത്. ഓരോ താലൂക്കിലും നിശ്ചയിച്ചിട്ടുള്ള സമയത്ത് മന്ത്രി നേരിട്ടെത്തി തുക ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.