അടൂര്‍: അവധിക്ക് നാട്ടിലേക്കു വരുേമ്പാൾ ട്രെയിനിൽനിന്ന് ദുരൂഹസാഹചര്യത്തില്‍ സൈനികനെ കാണാതായതായി പരാതി. കേരള എക്‌സ്പ്രസിലെ എ.സി കമ്പാര്‍ട്ട്മെൻറില്‍ സഞ്ചരിച്ച മണ്ണടി ആര്‍ദ്ര ഭവനില്‍ വി. അനീഷ്‌കുമാറിനെയാണ് (37) കാണാതായത്. ഭാര്യ ഗീതുവിെൻറ പരാതിയിൽ ഏനാത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ല പൊലീസ് മേധാവി, കലക്ടര്‍, ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പരാതി നല്‍കി. കരസേനയില്‍ നായിക് ആയി ജമ്മു-കശ്മീരില്‍ സേവനം അനുഷ്ഠിക്കുന്ന അനീഷ്‌കുമാറിന് ഇൗ മാസം മൂന്നിനായിരുന്നു നാട്ടിലേക്കു പോകാന്‍ അവധി ലഭിച്ചത്. നാലിന് 11ന് ട്രെയിനില്‍ ചെങ്ങന്നൂരിലേക്ക് യാത്ര തിരിച്ചു. അന്നു രാത്രി 7.45ന് ഭാര്യയുമായി അനീഷ് സംസാരിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് വിളി വന്നില്ല. അനീഷ് സഞ്ചരിച്ച കമ്പാര്ട്ട്മെൻറിലുണ്ടായിരുന്ന കോയമ്പത്തൂര്‍ സ്വദേശി ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ സീറ്റില്‍ അനീഷിനെ കണ്ടില്ല. വൈകീട്ടുവരെയും കാണാതായതോടെ അനീഷിെൻറ ബാഗ് തുറന്ന് വീട്ടിലെ ഫോണ്‍ നമ്പര്‍ എടുത്ത് കമ്പാര്ട്ട്മെൻറിലുണ്ടായിരുന്ന മലയാളിയെകൊണ്ട് വീട്ടിലേക്കു വിളിച്ച് കാണാതായ വിവരം അറിയിക്കുകയായിരുന്നു. ചെങ്ങന്നൂരില്‍ എത്തുകയാണെങ്കില്‍ അനീഷിെൻറ ബാഗും മറ്റു സാധനങ്ങളും കൊണ്ടുപോകാമെന്ന് ഇയാള്‍ അറിയിച്ചതോടെ വീട്ടുകാര്‍ വ്യാഴാഴ്ച ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തി സാധനങ്ങള്‍ ഏറ്റുവാങ്ങി. അവിടെ ആര്‍.പി.എഫില്‍ പരാതി നല്‍കുകയും ചെയ്തു. അനീഷ്‌കുമാര്‍ സഞ്ചരിച്ച എ.സി കമ്പാര്‍ട്ട്മെൻറില്‍ സൈനികര്‍ മാത്രമാണ് സഞ്ചരിക്കുന്നതെന്ന വിവരമാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിശദ അന്വേഷണം ആരംഭിച്ചതായി അടൂര്‍ ഡിവൈ.എസ്.പി ആര്‍. ജോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.