(ചിത്രം) കടയ്ക്കൽ: പാരിപ്പള്ളി - മടത്തറ, പാങ്ങോട് -കടയ്ക്കൽ, കുമ്മിൾ - പാങ്ങലുകാട് റോഡുകളിൽ ടിപ്പറുകൾ അമിതവേഗത്തിൽ പായുന്നത് അപകടങ്ങളുണ്ടാക്കുന്നു. വ്യാഴാഴ്ച ഐരക്കുഴിയിൽ കോളജ് വിദ്യാർഥിയുടെ ജീവനെടുത്ത അപകടം സൃഷ്ടിച്ചത് ടിപ്പർ ലോറിയുടെ അമിത വേഗമായിരുന്നു. മടത്തറ മേഖലയിൽ വൻകിട ക്രഷറുകളും എം. സാൻഡ് പ്ലാൻറും വന്നതിനു ശേഷമാണ് മേഖലയിൽ ടിപ്പറുകൾ പെരുകിയത്. സ്കൂൾ സമയങ്ങളിൽ ടിപ്പറുകൾ ഓടുന്നതിന് നിയന്ത്രണം എർപ്പെടുത്തിയിട്ടുണ്ടെങ്കിലും പാലിക്കാറില്ല. കൺസ്ട്രക്ഷൻ കമ്പനികളാകട്ടെ ലൈസൻസ് പോലുമില്ലാത്ത നിർമാണ തൊഴിലാളികളെ വരെ ഉപയോഗിച്ചാണ് ടിപ്പറുകൾ ഓടിക്കുന്നത്. ടിപ്പറുകൾ അമിത ലോഡുകളുമായി സഞ്ചരിക്കുന്നതു മൂലം റോഡുകൾ തകരുന്നതിനെതിരെ നാട്ടുകാർ നേരത്തേ രംഗത്ത് വന്നിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ക്രഷർ കമ്പനികൾ തന്നെ പൊതു റോഡുകൾ നവീകരിച്ചു. പിന്നീട് ഈ റോഡുകളിലൂടെ അമിത വേഗത്തിലായി ടിപ്പറുകളുടെ സഞ്ചാരം. പൊലീസ് പരിശോധന പേരിന് പോലും നടക്കാത്തതാണ് ടിപ്പറുകളുടെ അമിതവേഗത്തിനും അപകടങ്ങൾക്കും കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വെളിനല്ലൂർ ആറ്റിൽ മണൽകടത്ത് വ്യാപകം വെളിയം: വെളിനല്ലൂർ പഞ്ചായത്തിലെ രാമക്ഷേത്രത്തിന് സമീപത്തെ ആറ്റിൽനിന്ന് അനധികൃത മണൽകടത്ത് തകൃതിയായി നടന്നിട്ടും റവന്യൂ അധികൃതരോ പൂയപ്പള്ളി പൊലീസോ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. പ്രളയത്തിനു ശേഷവും മണൽ കടത്തൽ സജീവമായിട്ടും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ മൗനം പാലിക്കുകയാണ്. രാത്രി 12ന് ശേഷം ആറ്റിൽനിന്ന് ഡി.സി.എം വാഹനങ്ങളിലാണ് മണൽകടത്തൽ നടത്തുന്നത്. രഹസ്യവിവരം പൊലീസിന് ലഭിച്ചാൽ തന്നെ മണൽ മാഫിയകളെ രക്ഷിക്കാൻ വേണ്ടി ചില ഉദ്യോഗസ്ഥരും ശ്രമിക്കുന്നതായി പരാതിയുണ്ട്. പ്രളയത്തിൽ ആറ് കവിഞ്ഞൊഴുകിയ ശേഷം ഒഴുക്ക് സാധാരണ നിലയിലെത്തിയപ്പോൾ അടിമണ്ണ് വർധിച്ചിട്ടുണ്ട്. ഇത് ലക്ഷ്യം വെച്ച് സമീപത്തെ വീടുകളിലോ പുരയിടങ്ങളിലോ ആണ് മണ്ണ് നിക്ഷേപിക്കുന്നത്. തുടർന്ന്, രാവിലെയാകുമ്പോൾ പിക്-അപ്, ടിപ്പർ എന്നിവയിലാണ് മണൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത്. മണൽ വാരുന്നതിന് പ്രദേശത്തെ പാർട്ടി നേതാക്കന്മാരും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നതായാണ് ശക്തമായ ആരോപണം. ഒരു ലോഡ് മണലിന് 40,000 രൂപ വരെയാണ് മാഫിയകൾ വാങ്ങുന്നത്. മുൻ കാലങ്ങളിൽ വള്ളങ്ങളിൽ മണൽകടത്തൽ സജീവമായിരുന്നു. മണൽവാരൽ തകൃതിയായതോടെ കരയിടിയൽ ഉണ്ടായി. തുടർന്ന്, നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചിരുന്നു. വീണ്ടും മണൽവാരൽ ശക്തമായിട്ടും അധികൃതർ നടപടിയെടുക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.