പ്രതീകാത്മക ചിത്രം

കാരോട്-കന്യാകുമാരി ബൈപാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

പാറശ്ശാല: പശ്ചിമഘട്ടത്തിനു സമാന്തരമായി കൊങ്കണ്‍ കടലോരം വഴി പോകുന്ന എന്‍.എച്ച് 66 ലെ കാരോട് കന്യാകുമാരി ബൈപാസ് നിര്‍മാണം അവസാന ഘട്ടത്തില്‍. കന്യാകുമാരി, നാഗര്‍കോവില്‍, പദ്മനാഭ പുരം, വിളവങ്കോട് വഴി പാറശാല ചെങ്കവിളയില്‍ കേരളത്തില്‍ പ്രവേശിക്കുന്ന പാത പടിഞ്ഞാറന്‍ തീരത്തുകൂടി മഞ്ചേശ്വരം വഴി കർണാടകയിലേക്ക് കടക്കുന്നു. കേരളത്തിലാണ് ദേശീയപാതക്ക് ഏറ്റവും ദൈര്‍ഘ്യമുള്ളത്. പിന്നീട് മംഗലാപുരം, ഉഡുപ്പി, മര്‍ഗ്ഗാവ്, സംഗമേശ്വര്‍ വഴി മുംബൈക്ക് അടുത്തുള്ള പന്‍വേല്‍ വരയെത്തുന്നതാണ് ദേശീയപാത അതോറിറ്റിയുടെ എന്‍.എച്ച് 66 പദ്ധതി.

കാരോട് മുതല്‍ കന്യാകുമാരി വരെയുള്ള നാലുവരിപ്പാത നിർമാണം നിലവില്‍ അവസാന ഘട്ടത്തിലാണ്. കാരോട് മുതല്‍ വില്ലുക്കുറി വരെ 27 കി.മീ ദൂരം, വില്ലുക്കുറി മുതല്‍ നാഗര്‍കോവില്‍ അപ്റ്റാ മാര്‍ക്കറ്റ് വരെ 14 കി.മീ, അപ്റ്റാ മാര്‍ക്കറ്റ് മുതല്‍ കാവല്‍ക്കിണര്‍ പെരുങ്കുടി വരെ16 കി.മീ, അപ്റ്റ മാര്‍ക്കറ്റ് മുതല്‍ കന്യാകുമാരി മുരുകന്‍ കുൻട്രം വരെ 12 കി.മീറ്റര്‍ എന്നിങ്ങനെയാണ് നാലുവരിപ്പാത നിർമാണം പുരോഗമിക്കുന്നത്.

അപ്റ്റാമാര്‍ക്കറ്റ് മുതല്‍ കാവല്‍ക്കിണര്‍ വരെ നിർമാണം പൂര്‍ത്തിയാകുകയും വാഹനഗതാഗതം തുടങ്ങുകയും ചെയ്തു. വടശ്ശേരിക്കടുത്ത് പുത്തേരിയിലെ വലിയ മേല്‍പാലം ഒഴിച്ച് റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം പുരോഗമിക്കുകയാണ്. കാരോട് നിന്ന് കന്യാകുമാരി വരെ 54 കിലോമീറ്റര്‍ ദൂരത്താണ് നിര്‍മാണം പുരോഗമിക്കുന്നത്. 2017ല്‍ 3000 കോടി രൂപ വകയിരുത്തിയാണ് നിര്‍മാണം ആരംഭിച്ചത്. 2022 മാര്‍ച്ചില്‍ റോഡിന്റെ നിര്‍മാണം പൂര്‍ണമായും നിര്‍ത്തിവെച്ചു.

കല്ലും മണ്ണും കിട്ടാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്ന് ജോലി ഏറ്റെടുത്ത കമ്പനി നിര്‍മാണത്തില്‍നിന്ന് പിന്മാറുകയായിരുന്നു. ഒരു വര്‍ഷത്തിനുശേഷം 1041 കോടി രൂപയുടെ മറ്റൊരു ടെന്‍ഡറില്‍ നിര്‍മാണം വീണ്ടും ആരംഭിച്ചു. 23 പാലങ്ങളാണ് പ്രധാനമായും പൂര്‍ത്തിയാകേണ്ടത്. 25 വലിയ പാലങ്ങള്‍, 13 ചെറിയ പാലങ്ങള്‍, ഒരു റെയില്‍വേ മേപാലം എന്നിവ പാതയിലുണ്ട്. നിർമാണം പൂര്‍ത്തിയാകുന്നതോടെ ചെങ്കവിളയല്‍ നിന്നും നാഗര്‍കോവിലിലേക്ക് 30 മിനിറ്റ് കൊണ്ടും കന്യാകുമാരി യിലേക്ക് 45 മിനിറ്റ് കൊണ്ടും എത്തിച്ചേരാനാകും.

Tags:    
News Summary - Construction of Karode-Kanyakumari bypass in final stages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.