തിരുവനന്തപുരം: പുരകത്തുമ്പോള്‍ വാഴവെട്ടുന്ന സമീപനമാണ് പ്രളയം നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കെ.പി.സി.സി നടപ്പാക്കുന്ന ആയിരം ഭവനനിർമാണ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഡി.സി.സി ഒാഫിസില്‍ കൂടിയ കോണ്‍ഗ്രസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കാന്‍ മലയാളികളെല്ലാം ഒറ്റ മനസ്സോടെ നില്‍ക്കുമ്പോള്‍ കാബിനറ്റ് യോഗം ചേരാന്‍പോലും മന്ത്രിമാര്‍ തയാറാകുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരെ വിരട്ടി പണം പിരിക്കാനുള്ള നീക്കം അംഗീകരിക്കില്ല. ലോകമഹാസഭയെ ഉപയോഗപ്പെടുത്തി വിദേശത്തുനിന്ന് ധനസമാഹരണം നടത്താമെന്നിരിക്കെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട മന്ത്രിമാര്‍ വിദേശങ്ങളില്‍ പണപ്പിരിവിന് പോകുന്നതില്‍നിന്ന് പിന്മാറണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷതവഹിച്ചു. ജില്ലയിലെ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 31 വരെ 1000 ഭവനനിർമാണപദ്ധതിയിലേക്ക് ധനസമാഹരണം നടത്തും. ഈ പദ്ധതിയിലേക്ക് വി.എസ്. ശിവകുമാര്‍ എം.എല്‍.എയില്‍നിന്ന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഹസന്‍ ഏറ്റുവാങ്ങി. കോവളം നിയോജകമണ്ഡലത്തിലെ കരുംകുളം പുഷ്മാസൈമണില്‍നിന്ന് ലഭിച്ച അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ കെ.പി.സി.സി പ്രസിഡൻറിനെ ഏൽപിച്ചു. യോഗത്തില്‍ ഡോ. ശശി തരൂര്‍ എം.പി, തമ്പാനൂർ രവി, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, തലേക്കുന്നിൽ ബഷീര്‍, ടി. ശരത്ചന്ദ്രപ്രസാദ്, സി.ആര്‍. ജയപ്രകാശ്, ശൂരനാട് രാജശേഖരന്‍, ഷാനവാസ്ഖാന്‍, എം. വിന്‍സൻറ് എം.എല്‍.എ, കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ, പാലോട് രവി, വര്‍ക്കല കഹാര്‍, ആര്‍. വത്സലന്‍, എം.എം. നസീര്‍, മണക്കാട് സുരേഷ്, സോളമൻ അലക്‌സ് എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.