കട ഒഴിപ്പിക്കുന്നതിനെച്ചൊല്ലി നഗരത്തിൽ പൊലീസ്- ബി.ജെ.പി സംഘർഷം

തിരുവനന്തപുരം: ജില്ല സഹകരണബാങ്കിനും സമീപത്തെ ആശ്രമത്തിലേക്കുമുള്ള വഴി മുടക്കി കച്ചവടം നടത്തിയ വ്യാപാരിയെ ഒഴിപ്പിക്കാനുള്ള പൊലീസി‍​െൻറ ശ്രമം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിനിടെ കരമന വാർഡ് കൗൺസിലർ കരമന അജിത്തിനെ സി.ഐയുടെ നേതൃത്വത്തിലെ പൊലീസ് സംഘം മർദിച്ചതായി പരാതി. പരിക്കേറ്റ അജിത്തിനെ ആദ്യം ജനറൽ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വഴിയോര കച്ചവടം നടത്തുന്ന തളിയല്‍ സത്യനഗര്‍ സ്വദേശി പ്രദീപി​െൻറ കട വ്യാഴാഴ്ച വൈകീട്ടോടെയാണ് ഫോര്‍ട്ട് സി.ഐ അജി ചന്ദ്രൻ നായരുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കാൻ ശ്രമിച്ചത്. വാഹനങ്ങൾ പോകാനുള്ള ഗേറ്റിന് മുന്നിൽ കച്ചവടം നടത്തിയ ഇയാളെ ചൊവ്വാഴ്ച നീക്കിയിരുന്നതായി പൊലീസ് പറ‍യുന്നു. പ്രദീപ് വീണ്ടും ഇവിടെ കച്ചവടം തുടങ്ങിയതോടെയാണ് പൊലീസ് ഒഴിപ്പിക്കാൻ എത്തിയത്. ഇതിനെ എതിർത്ത് കരമന അജിത്തി​െൻറ നേതൃത്വത്തിൽ എത്തിയ ബി.ജെ.പി പ്രവർത്തകർ ഒരാളെ മാത്രമായി ഒഴിപ്പിക്കുന്നത് അനുവദിക്കില്ലെന്നും എല്ലാവരെയും ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഇത് പൊലീസ് അംഗീകരിച്ചില്ല. ഇതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടയിലാണ് തന്നെ പൊലീസ് മർദിച്ചതായി ആരോപിച്ച് അജിത്ത് രംഗത്തെത്തിയത്. അവശനായ കൗൺസിലറെ പാർട്ടി പ്രവർത്തകർതന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരമന അജിത്ത് അടക്കമുള്ളവര്‍ക്കുനേരെ പൊലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് രാത്രിയോടെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്ക് ബി.ജെ.പി പ്രവർത്തകർ മാർച്ച് നടത്തി. ജില്ല പ്രസിഡൻറ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. എന്‍.യു.എം.എല്‍ ലൈസന്‍സ് ഉള്ള കടകളെ പൊളിച്ചുമാറ്റി സംഘര്‍ഷാവസ്ഥയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും പൊലീസ് മാഫിയകള്‍ക്കൊപ്പമാണെന്നും സുരേഷ് ആരോപിച്ചു. അതേസമയം, സി.ഐയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കൗൺസിലർ കരമന അജിത്തിനെതിരെ കേസെടുത്തതായി ഫോർട്ട് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.