ജപ്തി ഭീഷണിയിൽ വിദ്യാഭ്യാസ വായ്പ എടുത്തവര്‍

കൊല്ലം: ബാങ്കുകളില്‍നിന്ന് വിദ്യാഭ്യാസ വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ജപ്തി നോട്ടീസ് ഉടന്‍ വീട്ടിലെത്തും. മുഖ്യമന്ത്രിയുടെ പലിശരഹിത ഇളവിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്കും ജപ്തി നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് സൂചന. വായ്പ എടുത്ത് പഠനം നടത്തിയവരില്‍ ഭൂരിഭാഗവും തൊഴില്‍രഹിതരാണ്. മിക്കവരും പലിശരഹിത വായ്പക്കായി അപേക്ഷ നല്‍കിയവരുമാണ്. അതേസമയം, പലിശരഹിത വായ്പക്ക് അപേക്ഷിക്കുന്നവര്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. പാന്‍കാര്‍ഡ് ലഭിക്കാതെ അപേക്ഷ അയക്കാന്‍ പറ്റാത്തവരും നിരവധിയാണ്. അദാലത്തുകളില്‍ പലിശയും കൂട്ടുപലിശയും ഒക്കെയായി ലക്ഷങ്ങള്‍ അടച്ചവരുമുണ്ട്. ഇവരില്‍ പലര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ ജപ്തി നടപടികള്‍ക്ക് മുമ്പുള്ള ഡിമാൻഡ് നോട്ടീസ് വില്ലേജ് അധികൃതര്‍ പലരുടെയും വീട്ടിലെത്തി നല്‍കിയിട്ടുണ്ട്. തൊഴിലില്ലായ്മയില്‍ നട്ടം തിരിയുന്ന ഇവര്‍ എങ്ങനെ വായ്പക്കുടിശ്ശിക തുക തിരിച്ചടയ്ക്കും എന്ന ആശങ്കയിലാണ്. വിദ്യാഭ്യാസ വായ്പ എടുത്തവരുടെ കൂട്ടായ്മകള്‍ നിരവധി ഉണ്ടെങ്കിലും പല സംഘടനകളും നിവേദനങ്ങളും ധര്‍ണകളും നടത്തിയതല്ലാതെ പരിഹാരമൊന്നും ഉണ്ടായില്ലെന്നും പറയുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടം തേടി ജോലിക്ക് അവസരം കാത്തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ജോലി കിട്ടി വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുമെന്ന് കരുതിയവര്‍ക്കെല്ലാം നിയമന ഉത്തരവിന് പകരം കൈയില്‍ കിട്ടുന്നത് ജപ്തി നോട്ടീസുകളാണ്. ഇതിനിടയിലാണ് പുതിയ നിയമനം ഉടനില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന ഇറങ്ങിയത്. ഇതോടെ വിദ്യാഭ്യാസ ലോണ്‍ എടുത്തവരും രക്ഷാകർത്താക്കളും നട്ടം തിരിയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.