അദാലത്തില്‍ 36 കേസുകള്‍ തീര്‍പ്പായി തിരുവനന്തപുരം: സ്വന്തം വീട്ടിൽനിന്ന് മകന്‍ ഇറക്കിവിട്ട വൃദ്ധയെ വീട് തുറന്നുകൊടുത്ത് സുരക്ഷിതമായി താമസിപ്പിക്കാന്‍ കേരള വനിത കമീഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി. തിരുവനന്തപുരം തൈക്കാട് റെസ്റ്റ് ഹൗസില്‍ നടന്ന അദാലത്തിലാണ് തീരുമാനം. എത്രയും വേഗം വൃദ്ധയെ സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ നടപടികളെടുക്കണമെന്ന് അയിരൂര്‍ എസ്.ഐയോട് കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈൻ നിര്‍ദേശിച്ചു. മകനിലും മരുമകളിലുംനിന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് വൃദ്ധ വനിത കമീഷനെ സമീപിച്ചത്. തനിക്കിനി പോകാനിടമില്ലെന്നുപറഞ്ഞ് അവര്‍ കമീഷന് മുമ്പാകെ പൊട്ടിക്കരഞ്ഞു. വീടും വസ്തുവും മകന് എഴുതിവെച്ചെങ്കിലും മരണം വരെ മാതാപിതാക്കളെ ഒപ്പം താമസിപ്പിക്കണമെന്ന് പ്രമാണത്തില്‍ വ്യക്തമാക്കിയിട്ടും മകന്‍ തന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടതായും അസഭ്യം പറഞ്ഞ് തറയില്‍ തള്ളിയിട്ടതായും പരാതിയിലുണ്ട്. ഈ സാഹചര്യത്തിലാണ് വനിത കമീഷെൻറ ഇടപെടൽ. ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അമ്മായിയമ്മയും ഭര്‍ത്തൃസഹോദരിയും അനുവദിക്കുന്നില്ലെന്നും വിവാഹമോചനത്തിന് നിര്‍ബന്ധിക്കുന്നെന്നുമുള്ള യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെ വിളിച്ചുവരുത്താനും അദാലത്തില്‍ തീരുമാനമായി. രണ്ടര വര്‍ഷമായി പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെയും ഭര്‍ത്താവിനെയും ഒരുമിപ്പിക്കാനും അദാലത്തിന് കഴിഞ്ഞു. കുറ്റമുക്തയാണെന്ന് ബോധ്യമായതിനുശേഷവും മേലുദ്യോഗസ്ഥക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദപ്രചാരണം നടത്തിയെന്ന പരാതിയില്‍ ആരോപണവിധേയരായ കീഴ്ജീവനക്കാരെ വിളിച്ചുവരുത്താനും അദാലത് തീരുമാനിച്ചു. 100 പരാതികള്‍ അദാലത്തില്‍ പരിഗണിച്ചു. 36 എണ്ണം തീര്‍പ്പായി. ഏഴ് കേസുകളില്‍ പൊലീസ്, റവന്യൂ വകുപ്പുകളില്‍നിന്ന് റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിച്ചു. മൂന്ന് കേസുകളില്‍ കൗണ്‍സലിങ് നല്‍കാനും തീരുമാനിച്ചു. കക്ഷികള്‍ ഹാജരാകാതിരുന്നതും മറ്റുമായ 54 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.