* സംസ്ഥാന അധ്യാപക അവാർഡ് വിതരണ വേദിയിലാണ് പ്രഖ്യാപനം തിരുവനന്തപുരം: അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്ത് അധ്യാപകർ. സംസ്ഥാന അധ്യാപക അവാർഡ് ഏറ്റുവാങ്ങിയ ഭൂരിഭാഗം അധ്യാപകരും തുക നിധിയിലേക്ക് നൽകുന്നതായി വേദിയിൽ പ്രഖ്യാപിക്കുകയായിരുന്നു. ചിലർ വീട് നഷ്ടപ്പെട്ട സ്വന്തം സ്കൂളിലെ കുട്ടികൾക്കും വിവിധ രോഗങ്ങൾക്ക് ചികിത്സതേടുന്ന കുട്ടികൾക്കുമായി തുക നീക്കിവെക്കുന്നതായും പ്രഖ്യാപിച്ചു. വി.ജെ.ടി ഹാളിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അവാർഡുകൾ വിതരണംചെയ്തു. പ്രളയക്കെടുതിയിൽപെട്ട വിദ്യാർഥികളെ പഠനത്തിനുള്ള മാനസികാവസ്ഥയിലേക്ക് തിരികെക്കൊണ്ടുവരികയാണ് ഇപ്പോൾ നമ്മുടെ കടമയെന്ന് മന്ത്രി പറഞ്ഞു. നല്ല തലമുറയെ വാർത്തെടുക്കുന്നതാണ് ഏറ്റവും മികച്ച വികസനപ്രവർത്തനം. സംസ്ഥാനം നേരിട്ട മഹാപ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിലും പുനരധിവാസ പ്രവർത്തനത്തിലും അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും പങ്കെടുത്ത് മാതൃകയായെന്നും മന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, കൗൺസിലർ ഐഷാ ബേക്കർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ കെ.വി. മോഹൻകുമാർ, ഹയർ സെക്കൻഡറി ജോ. ഡയറക്ടർ ഡോ.പി.പി. പ്രകാശൻ, വി.എച്ച്.എസ്.ഇ ഡയറക്ടർ പ്രഫ. എ. ഫാറൂഖ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ്, സീമാറ്റ് ഡയറക്ടർ ഡോ. എം.എ. ലാൽ, സാക്ഷരത മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല, എസ്.ഐ.ഇ.ടി ഡയറക്ടർ അബുരാജ് ബി, പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർമാരായ ജെസി ജോസഫ്, ജിമ്മി കെ. ജോസ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.