വനിതസംഘങ്ങളുടെ മാതൃകയിൽ ബ്ലേഡ് സംഘങ്ങൾ വർധിക്കുന്നു

അഞ്ചൽ: കുടുംബശ്രീ ഗ്രൂപ്പുകൾക്ക് സമാന്തരമായി നാട്ടിൻപുറങ്ങളിൽ ബ്ലേഡ് മാഫിയ സംഘങ്ങൾ പിടിമുറുക്കുന്നു. പട്ടികജാതി-വർഗ കോളനികളും കശുവണ്ടി ഫാക്ടറികളും കേന്ദ്രീകരിച്ചാണ് ഇവരുടെ ഇടപാട്. പണം വായ്പയായി നൽകിയിട്ട് വൻതോതിൽ കൊള്ളപ്പലിശയും മുതലും ഈടാക്കുകയാണ് രീതി. ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ നൽകിയും തട്ടിപ്പ് നടത്തുന്നുണ്ട്. കുടുംബശ്രീ മാതൃകയിൽ 10 മുതൽ 15 വരെ സ്ത്രീകളെ അംഗങ്ങളാക്കി ഗ്രൂപ് രൂപവത്കരിക്കുകയാണ് ആദ്യപടി. ഒരു കൺവീനറെ തീരുമാനിച്ച ശേഷം ഓരോ ഗ്രൂപ്പിനും ആവശ്യമുള്ളത്ര പണം നൽകും. ഒാരോ അംഗവും തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും മുദ്രപ്പത്രം ഒപ്പിട്ടു നൽകുകയും ചെയ്യും. എല്ലാ മാസവും സംഘം യോഗം ചേരും. എടുത്ത തുകയുടെ തവണ വീതവും പലിശയും സഹിതം ഗ്രൂപ് യോഗത്തിൽ കൺവീനർമാർ ശേഖരിക്കണം. 22 ശതമാനമാണ് സാധാരണ പലിശ. തിരിച്ചടവിൽ വീഴ്ച വരുത്തുന്നവർക്ക് കൊള്ളപ്പലിശയാണ് നൽകേണ്ടി വരുക. ഒന്നിൽക്കൂടുതൽ മുടക്കം വരുത്തുന്നവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പണം ഈടാക്കാൻ പ്രത്യേക സംഘങ്ങളെത്തും. ടി.വി, റെഫ്രിജറേറ്റർ, മൊബൈൽ ഫോൺ, പ്രഷർകുക്കർ, ദോശക്കല്ല്, അപ്പച്ചട്ടി മുതലായവയും തവണവ്യവസ്ഥയിൽ നൽകും. ഇവയ്ക്കും വൻ വിലയാണ് നൽകേണ്ടി വരുന്നത്. ഇതിനെതിരെ പരാതിപ്പെടാൻ ആരും തയാറാകാത്തതാണ് തട്ടിപ്പുകാർക്ക് സൗകര്യം ഒരുക്കുന്നത്. പ്രാദേശിക രാഷ്ട്രീയ നേതൃത്വവും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. അത്യാവശ്യങ്ങൾക്ക് പണമെടുത്തിട്ടുള്ള പലരും തിരിച്ചടയ്ക്കാൻ കഴിയാത്തതുമൂലം ആത്മഹത്യയുടെ വക്കിലാണെന്ന് പറയപ്പെടുന്നു. പൊലീസി​െൻറ കർശന നിരീക്ഷണം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.