മാലിന്യ സംസ്​കരണത്തിൽ 'കാലിടറി'; റാങ്കിങ്ങിൽ തലസ്​ഥാന നഗരം 71ാമത്​

തിരുവനന്തപുരം: മാലിന്യ സംസ്കരണത്തിൽ കാലിടറി, രാജ്യത്തെ താമസയോഗ്യമായ നഗരങ്ങളുടെ റാങ്കിങ്ങില്‍ തിരുവനന്തപുരം നഗരത്തിന് ലഭിച്ചത് 71ാം സ്ഥാനം. കേന്ദ്രഭവന, നഗര കാര്യമന്ത്രാലയത്തി​െൻറ പഠന റിപ്പോര്‍ട്ടിലാണിത്. എന്നാൽ, റാങ്ക് നിശ്ചയിച്ചതില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും അതാണ് 71 ലേക്ക് പിന്തള്ളപ്പെടാൻ കാരണമെന്നും കോർപറേഷൻ ആരോപിക്കുന്നു. പുെണെ നഗരമാണ് റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത്. ഇൻസ്റ്റിറ്റ്യൂഷനല്‍, സോഷ്യല്‍, എക്കണോമിക്, ഫിസിക്കല്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് താമസയോഗ്യതയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. ഈ നാല് വിഭാഗങ്ങളിലായി പരിഗണിച്ചത് ഭരണനിര്‍വഹണം, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷിതത്വം, സാമ്പത്തിക, തൊഴില്‍ലഭ്യത, ഭവനപദ്ധതികള്‍, തുറസ്സായ പൊതുസ്ഥലങ്ങള്‍, ഭൂവിനിയോഗം, ഊര്‍ജവിതരണം, ഗതാഗതം, കുടിവെള്ളവിതരണം, മാലിന്യസംസ്‌കരണം, ഖരമാലിന്യസംസ്‌കരണം, അന്തരീക്ഷ മലിനീകരണ നിയന്ത്രണം എന്നീ ഘടകങ്ങളാണ്. ഇതില്‍ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയമാണ് തലസ്ഥാനത്തിന് തിരിച്ചടിയായത്. ഏറ്റവും കുറവ് സ്‌കോര്‍ സമ്മാനിച്ചത് മാലിന്യസംസ്കരണത്തിനാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിലേറെയായി തലസ്ഥാനനഗരത്തില്‍ മാലിന്യസംസ്‌കരണത്തിന് കൃത്യമായ സംവിധാനമില്ലെന്നാണ് കണ്ടെത്തല്‍. ഗാര്‍ഹിക മാലിന്യങ്ങള്‍ വീടുകളിലാണ് സംസ്‌കരിക്കുന്നത്. മറ്റ് മാലിന്യങ്ങള്‍ റോഡിലും മറ്റുമിട്ട് കത്തിക്കുന്നു. കേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനം നിലവിലില്ല. അതേസമയം ഭരണനിര്‍വഹണത്തിലും വിദ്യാഭ്യാസത്തിലും മറ്റും തലസ്ഥാന നഗരത്തി​െൻറ സ്‌കോര്‍ മികച്ചതാണ്. മറ്റ് വിഭാഗങ്ങളിലെല്ലാം സ്‌കോര്‍ ശരാശരിയോ അതില്‍ താഴെയോ ആണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിലും സംസ്ഥാനം വളരെ പിന്നോട്ടാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട്‌സിറ്റി, അമൃത് ഉള്‍പ്പെടെ പത്തോളം പദ്ധതികളാണ് കേന്ദ്രാവിഷ്‌കൃതമായി നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഫണ്ട് വിനിയോഗത്തില്‍ തലസ്ഥാനനഗരം പിന്നാക്കമാണെന്നാണ് കണ്ടെത്തല്‍. ചോദ്യാവലി നല്‍കിയാണ് കേന്ദ്ര ഉദ്യോഗസ്ഥര്‍ വിവരശേഖരണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.