പ്രളയ ആഘാതം പഠിക്കാൻ ലോകബാങ്ക്​-എ.ഡി.ബി സംഘം വരുന്നു

തിരുവനന്തപുരം: പ്രളയ ആഘാതം വിലയിരുത്താന്‍ ലോകബാങ്ക് സംഘം ജില്ലകൾ സന്ദര്‍ശിക്കും. സംസ്ഥാനത്തെ എട്ട് മേഖലകളായി തിരിച്ചായിരിക്കും സന്ദര്‍ശനം. ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി) സംഘവും എത്തും. ചീഫ് സെക്രട്ടറി ടോം ജോസ് കലക്ടര്‍മാരും വകുപ്പുതല ഉദ്യാഗസ്ഥരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ലോകബാങ്ക്-എ.ഡി.ബി സംഘം സർക്കാറുമായി ചർച്ച നടത്തി വായ്പ നൽകാൻ സന്നദ്ധമാണെന്ന് അറിയിച്ചിരുന്നു. സംസ്ഥാന സർക്കാർ തയാറാക്കുന്ന പദ്ധതിയിൽ അതിവേഗം വായ്പ നൽകാമെന്ന വാഗ്ദാനമാണ് ലോകബാങ്കും എ.ഡി.ബിയും നൽകിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിഡിയോ കോൺഫറൻസിൽ ചീഫ് സെക്രട്ടറി വിലയിരുത്തി. 10,000 രൂപ അടിന്തര ധനസഹായ വിതരണവും കിറ്റ് വിതരണവും ത്വരിതപ്പെടുത്താന്‍ നിര്‍ദേശിച്ചു. സാധനങ്ങൾ കെട്ടിക്കിടക്കാതെ സംഭരണ കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി നീക്കണം. പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ ആരോഗ്യരംഗത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കൊതുകിനെ തടയാൻ നടപടി കൈക്കൊള്ളണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു. സര്‍ട്ടിഫിക്കറ്റുകളും ആധാരങ്ങളും നൽകാൻ അടിയന്തര നടപടി സ്വീകരിക്കും. ഐ.ടി. വകുപ്പുമായി ചേര്‍ന്ന് റേഷന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്ന നടപടി പൂര്‍ത്തിയാക്കും. കുടിവെള്ള വിതരണം മുടങ്ങാതിരിക്കാനും ജലസ്രോതസ്സ് ശുചീകരിക്കാനും നടപടി വേണം. ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നും മുന്‍ഗണന ക്രമത്തില്‍ വിതരണം ചെയ്യണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.