ഭൂമിയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതിനെ ഗൗരവത്തോടെ കാണണം തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെയുണ്ടായ പേമാരിയും ഉരുൾെപാട്ടലും അണക്കെട്ടുകളിലുണ്ടാക്കിയ ആഘാതം സംബന്ധിച്ച് വിശദപഠനം അനിവാര്യമാണെന്ന് വിദഗ്ധർ. അതിശക്തമായ മഴയിൽ ഒഴുകിയെത്തിയ വൻമരങ്ങൾ വന്നിടിച്ച് നിരവധി അണക്കെട്ടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, ഭൂമിയിലുണ്ടായ മാറ്റം അണക്കെട്ടുകളെ ഏതുതരത്തിൽ ബാധിച്ചുവെന്നറിയാനും പഠനം ആവശ്യമാണ്. ഇതിനു മുമ്പ് 1961ലാണ് ഇത്രയുംകനത്ത പേമാരിയുണ്ടായത്. അന്ന് ഏതാനും അണക്കെട്ടുകൾ മാത്രമാണുണ്ടായിരുന്നത്. പെരിയാർ നദിയിൽ മുല്ലപ്പെരിയാർ മാത്രമായിരുന്നു അണക്കെട്ട്. ഭൂതത്താൻകെട്ട് നിർമാണത്തിെൻറ അവസാന ഘട്ടത്തിലും. പെരിയാറിെൻറ കൈവഴിയായ മുതിരപ്പുഴയാറിൽ കുണ്ടള, മാട്ടുപ്പെട്ടി, മൂന്നാർ ഹെഡ്വർക്സ്, ചെങ്കുളം, കല്ലാർകുട്ടി എന്നിവയും ചാലക്കുടിപ്പുഴയിൽ പെരിങ്ങൽകുത്തുമാണുണ്ടായിരുന്നത്. നെയ്യാർ, വാഴാനി, പീച്ചി, മീങ്കര, വാളയാർ, മലമ്പുഴ എന്നിവയായിരുന്നു മറ്റ് അണക്കെട്ടുകൾ. 1961നുശേഷമാണ് ഇടുക്കിയും ശബരിഗിരിയും അടക്കം പ്രധാന പദ്ധതികൾ പൂർത്തീകരിച്ചത്. അതിനുശേഷമുള്ള അതിശക്തമായ മഴയും വ്യാപകമായ ഉരുൾപൊട്ടലുമാണ് ഇത്തവണയുണ്ടായത്. ഇടുക്കിയിൽ മാത്രം 1800ലേറെ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായതായി റവന്യൂ മന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലായി 414 ഇടത്ത് ഉരുൾപൊട്ടലുണ്ടായി. പത്തനംതിട്ടയിൽ ശബരിഗിരി പദ്ധതി പ്രദേശത്തും വലിയതോതിൽ ഉരുൾപൊട്ടലുണ്ടായി. ജലസംഭരണികൾ ഭൂചലനത്തിന് കാരണമാകുന്നില്ലെങ്കിലും ഭൂമിയിലുണ്ടായ മാറ്റത്തെക്കുറിച്ച് പഠനം വേണ്ടതാണെന്ന് ഭൗമ ശാസ്ത്രജ്ഞൻ ഡോ. ജോൺ മത്തായി പറഞ്ഞു. ഇടുക്കി അണക്കെട്ടിൽ വെള്ളം സംഭരിച്ച് തുടങ്ങിയശേഷം 1988വരെ ആ മേഖലയിൽ ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പിന്നീടത് കുറഞ്ഞു. 2011-13 കാലയളവിൽ ഭൂചലനമുണ്ടായെങ്കിലും അതിനു ജലസംഭരണികൾ കാരണമായിട്ടില്ല. ജലസംഭരണികൾ നിലവിൽ വന്ന് 25വർഷംകൊണ്ട് പാറകൾ ബലപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ, ഉരുൾപൊട്ടലും മണ്ണിടിച്ചിലും അണക്കെട്ടിെൻറ ചരിവിനെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കേണ്ടി വരും. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലൂടെ ഭൂമിയിലേക്ക് വെള്ളമിറങ്ങി വിള്ളൽ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കണം. നിരീക്ഷണം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.