മലയിൻകീഴിൽ തെരുവുനായ് ശല്യം ​രൂക്ഷം

മലയിൻകീഴ്: മലയിൻകീഴിലും പരിസരപ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷം. ബുധനാഴ്ച രാവിലെ 7.30ഒാടെ ശാന്തുമൂല ജങ്ഷന് സമീപം സ്കൂളിൽ പോവുകയായിരുന്ന മൂന്ന് പെൺകുട്ടികളെ കൂട്ടമായിട്ടെത്തിയ തെരുവുനായ്ക്കൾ ആക്രമിച്ചു. ദേഹമാസകലം മുറിവേറ്റ കുട്ടികളെ നാട്ടുകാർ എത്തിയാണ് നായ്ക്കളിൽനിന്ന് രക്ഷിച്ചത്. ഭൂരിഭാഗം പഞ്ചായത്തിലും തെരുവുനായ്ക്കളെ വന്ധ്യംകരിച്ചെങ്കിലും ആക്രമണം കുറഞ്ഞിട്ടില്ല. വന്ധ്യംകരിച്ച നായ്ക്കളെ വീണ്ടും വിവിധ സ്ഥലങ്ങളിൽ കൊണ്ടുവിടുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. ശാന്തുമൂല, മലയിൻകീഴ് പഞ്ചായത്ത് ഓഫിസിന് സമീപത്തും മലയിൻകീഴ്, പാലോട്ടുവിള, കരിപ്പൂര് ഭാഗത്തും തെരുവുനായ്ക്കളെ ഭയന്നാണ് കാൽനട യാത്രക്കാർ ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്നത്. രാത്രിയിൽ റോഡിലൂടെ പോകാൻ കഴിയാത്തവിധം കൂട്ടമായിട്ടെത്തുന്ന നായ്ക്കൾ ഇരുചക്രവാഹനങ്ങൾക്ക് മുന്നിൽ ചാടി വീഴുന്നതും പതിവാണ്. വ്യാപാരസ്ഥാപനങ്ങൾ അടച്ചശേഷം വീട്ടിലേക്ക് പോകുന്നവർ പലപ്പോഴും നായ്ക്കളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. പാലോട്ടുവിള 'പഴയ ചുമടുതാങ്ങി' ഇടവഴി നായ്ക്കൾ കൈയടക്കിയതിനാൽ നടന്ന് വീടുകളിലേക്ക് പോകാനാകാത്ത സ്ഥിതിയാണ്. നായ്ക്കൾ പെറ്റുപെരുകുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും ആക്രമണവും മറ്റ് സ്ഥലങ്ങളിൽനിന്ന് നായ്ക്കളെ കൊണ്ടിടുന്നതും വ്യാപകമാണ്. നായ കടിച്ച് പരിക്കേൽപിച്ച കൃഷ്ണപുരം സ്കൂളിലെ രണ്ട് പെൺകുട്ടികളെയും മലയിൻകീഴ് ഗേൾസ് സ്കൂളിലെ ആൺകുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഇനിയും പൂർത്തിയാക്കാനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.