തിരുവനന്തപുരം: പ്രളയക്കെടുതിയിൽ അകപ്പെട്ടുപോയ മിണ്ടാപ്രാണികൾക്കും തുണയായി മാറുകയാണ് കേരള പൊലീസ്. ദുരന്തം നാശം വിതച്ച ചെങ്ങന്നൂർ, കോട്ടയം, ഇടുക്കി തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് പ്രളയത്തിൽ അവശതയിലായ നായ്ക്കൾക്ക് ചികിത്സയും ഭക്ഷണവും നൽകുന്നതിന് പൊലീസ് സംഘത്തെ വിവിധ പ്രദേശങ്ങളിൽ നിയോഗിച്ചിരുന്നു. പൊലീസ് വെറ്ററിനറി സർജൻ ഡോ. ലാറൻസിെൻറ നേതൃത്വത്തിൽ നാലംഗ സംഘം ചെങ്ങന്നൂരിലും കോട്ടയത്തും സെപ്റ്റംബർ രണ്ടു മുതൽ ഇതിനോടനുബന്ധിച്ച പ്രവർത്തനങ്ങൾ നടത്തിവരുന്നു. നായ്ക്കൾക്ക് വൈദ്യ പരിശോധന, രക്തപരിശോധന എന്നിവ നടത്തി ആവശ്യമായ പ്രതിരോധ കുത്തിെവപ്പുകൾ നൽകുകയും മരുന്നും പ്രത്യേക ഭക്ഷണവും നൽകുകയുമാണ് ഈ സംഘം. ഇതിനകം 56 നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പും 120 നായ്ക്കൾക്ക് പ്രത്യേക ഭക്ഷണ കിറ്റുകളും നൽകി. 31 നായ്ക്കൾക്ക് വിദഗ്ധ പരിശോധനകളും നടത്തി. കോട്ടയത്ത് കോടിമതയിൽ 45 നായ്ക്കളെ സംരക്ഷിക്കുന്ന ഒരു സ്ഥലത്ത് ആവശ്യമായ ഭക്ഷണവും പ്രതിരോധ കുത്തിവെപ്പുകളും നൽകി. സാധാരണ പ്രതിരോധ കുത്തിവെപ്പിനു പുറമെ എലിപ്പനി പകരാതിരിക്കാനുള്ള പ്രതിരോധ മരുന്നും നൽകുന്നുണ്ടെന്ന് പൊലീസ് വെറ്ററിനറി സർജൻ ഡോ. ലാറൻസ് പറഞ്ഞു. വരുന്ന ആഴ്ചകളിൽ മറ്റു പ്രളയബാധിത പ്രദേശങ്ങളും പൊലീസ് വെറ്ററിനറി ടീം സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.