കെ.എസ്.ആർ.ടി.സി സർവിസുകൾ വെട്ടിക്കുറച്ചു; മലയോര മേഖലയിൽ യാത്രാക്ലേശം രൂക്ഷം

* ഇന്ധനക്ഷാമം രൂക്ഷമായതിനാൽ കൂടുതൽ സർവിസുകൾ റദ്ദാക്കേണ്ടിവരും പാലോട്: ഇന്ധനക്ഷാമം മൂലം കെ.എസ്.ആർ.ടി.സി സർവിസുകൾ വെട്ടിക്കുറച്ചത് മലയോരമേഖലയിൽ യാത്രാക്ലേശം രൂക്ഷമാക്കി. രണ്ടുദിവസങ്ങളായി ഷെഡ്യൂളുകൾ വെട്ടിക്കുറക്കുന്നുണ്ടെങ്കിലും ചൊവ്വാഴ്ചയാണ് ഇന്ധനക്ഷാമം രൂക്ഷമായത്. ഇത് കൂടുതൽ സർവിസുകളെ ബാധിച്ചു. ഡീസൽ പമ്പ് ഇല്ലാത്ത പാലോട് ഡിപ്പോയിൽ ചൊവ്വാഴ്ച മാത്രം ആകെ സർവിസിൽ 3000 കിലോമീറ്ററോളം കുറവ് വരുത്തി. മൂന്ന് ബസുകൾ രാവിലെ മുതൽ സർവിസ് നടത്തിയില്ല. ശേഷിക്കുന്ന ബസുകളിൽ ഏറെയും സർവിസ് ഇടക്ക് അവസാനിപ്പിച്ചു. 100 ലിറ്റർ ഡീസൽ ആവശ്യമുള്ള ബസുകൾക്ക് 20 ലിറ്റർ വരെ മാത്രമാണ് മറ്റ് ഡിപ്പോകളിൽ നിന്ന് ലഭിച്ചത്. വിതുര ഡിപ്പോയിൽ 13 ബസുകളാണ് ട്രിപ്പ് റദ്ദാക്കിയത്. ഓടിയ റൂട്ടുകളിൽ തന്നെ 1000 കിലോമീറ്ററോളം കുറവുചെയ്യേണ്ടിയും വന്നു. ആകെ ഓപറേറ്റ് ചെയ്യുന്ന കിലോമീറ്ററിൽ 40 ശതമാനത്തോളം കുറവ് വരുത്തണമെന്ന് ചീഫ് ഒാഫിസിൽ നിന്ന് നിർദേശം ലഭിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന നൂറുകണക്കിനുപേരാണ് മലയോരമേഖലയിൽ യാത്രാദുരിതത്തിലായത്. ആവശ്യാനുസരണം ഇന്ധനം എത്തിയില്ലെങ്കിൽ 90 ശതമാനം ഷെഡ്യൂളുകളും റദ്ദാക്കേണ്ട അവസ്ഥയാണ്. യാത്രക്കാരുടെ തിരക്കുകാരണം ഇരട്ടിയിലധികം വരുമാനമാണ് ചൊവ്വാഴ്ച നടത്തിയ ഷെഡ്യൂളുകൾക്ക് ലഭിച്ചത്. കൃത്രിമ ഇന്ധനക്ഷാമം സൃഷ്ടിച്ച് ചില ഷെഡ്യൂളുകൾ സ്ഥിരമായി നിർത്തലാക്കാനുള്ള നീക്കം അധികൃതർ നടത്തുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.