തിരുവനന്തപുരം: സിനിമ ഷൂട്ടിങ്ങിനു മുന്നിൽ അധികാരികൾ കീഴ്വഴക്കങ്ങൾ മറന്നപ്പോൾ ചൊവ്വാഴ്ച നഗരത്തിലെ ഗതാഗതക്കുരുക്കിൽ പൊതുജനം വെള്ളംകുടിച്ചത് മണിക്കൂറുകൾ. സാധാരണഗതിയിൽ തിരിക്കേറിയ അവസരങ്ങളിൽ തിരുവനന്തപുരം നഗരത്തിൽ ഷൂട്ടിങ് അനുവദിക്കാറില്ല. സെക്രട്ടേറിയറ്റ് അടക്കം നിരവധി സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളുമൊക്കെ ഉള്ളതുകൊണ്ടുതന്നെ അവധി ദിവസങ്ങളിലാണ് പലപ്പോഴും റോഡും സ്ഥാപനങ്ങളും ബന്ധപ്പെട്ടവർ സിനിമാക്കാർക്ക് വിട്ടുകൊടുക്കാറ്. എന്നാൽ, പതിവിന് വിപരീതമായി ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ലൂസിഫറിനുവേണ്ടി അധികാരികൾ ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിന് പിറകിലെ ഓവർബ്രിഡ്ജ് പൂർണമായി വിട്ടുകൊടുക്കുകയായിരുന്നു. ഇതിന് പൊലീസിെൻറ അനുമതിയും ഉണ്ടായിരുന്നു. സർക്കാർ ഓഫിസുകളും വിദ്യാലയങ്ങളും കണക്കിലെടുത്ത് സെക്രട്ടേറിയറ്റ് സമരങ്ങൾക്കും പ്രകടനങ്ങൾക്കും വരെ രാവിലെ 11 മണി കഴിഞ്ഞേ പൊലീസ് അനുമതി കൊടുക്കാറുള്ളൂ. കഴിഞ്ഞ മാസം വൈകുന്നേരങ്ങളിൽ സെക്രട്ടേറിയറ്റിലേക്കുള്ള പ്രകടനങ്ങൾ സിറ്റി പൊലീസ് നിരോധിക്കുകയും ചെയ്തിരുന്നു. ഇത്തരം സ്ഥിതിഗതികൾ നിലനിൽക്കെയാണ് നിയമസഭയുടെ പിറകുവശത്തുള്ള റോഡ് ഷൂട്ടിങ്ങിനായി വിട്ടുകൊടുത്തത്. ഷൂട്ടിങ് നടക്കുന്നതറിയാതെ മെഡിക്കൽ അലോട്ട്മെൻറ് നടക്കുന്നിടത്ത് എത്താനായി മറ്റിടങ്ങളിൽനിന്ന് എത്തിയവരും കുരുക്കിലായി. മെഡിക്കൽ കോളജ്, മറ്റ് സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് രോഗികളുമായി എത്തിയ ആംബുലൻസുകളും കുരുക്കിൽ കുടുങ്ങി. പി.എം.ജി, പട്ടം, ആശാൻസ്ക്വയർ, ജനറൽ ആശുപത്രി ജങ്ഷൻ, സ്റ്റാച്യു തുടങ്ങിയിടങ്ങളിൽ വാഹനങ്ങൾ കുരുങ്ങിക്കിടന്നു. മണിക്കൂറുകൾ വലഞ്ഞിട്ടും പകരം സംവിധാനം ഒരുക്കാതെ പൊലീസ് കാഴ്ചക്കാരായി. ഉച്ചക്ക് ശേഷവും സ്ഥിതിയിൽ മാറ്റമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.