* ദുരിതാശ്വാസത്തിനായി കാരിക്കേച്ചർ- കാർട്ടൂൺ രചന തിരുവനന്തപുരം: ചിരിയുണർത്തുന്ന കാർട്ടൂണിനും കാരിക്കേച്ചറിനും മനുഷ്യെൻറ സങ്കടങ്ങളിൽ ഒപ്പംനിൽക്കാനും കഴിയുമെന്ന് തെളിയിച്ച് ചിത്രകാരന്മാർ. ചൊവ്വാഴ്ച തലസ്ഥാനനഗരി സാക്ഷ്യംവഹിച്ചത് കാരുണ്യത്തിെൻറ വരകൾക്കായിരുന്നു. ദുരിതാശ്വാസത്തിന് ധനശേഖരണാർഥം കേരള ലളിതകല അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് 27 പ്രശസ്ത കലാകാരന്മാർ കാരിക്കേച്ചർ-കാർട്ടൂൺ രചന നടത്തിയത്. സമരവേദികളുടെ പതിവുസ്ഥലത്ത് ഒരു ദിവസം വരകളിൽ പൊതുജനം കഥാപാത്രമായി. കൗതുകത്തോടെ ആളുകൾ ചിത്രകാരന്മാരുടെ മുന്നിൽ മോഡലായി ഇരുന്നു. അവർക്കൊപ്പം ഇടയ്ക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ഡി.ജി.പി ലോകനാഥ് ബെഹ്റയും ഉൾപ്പെടെ പ്രമുഖർ എത്തി. ചിത്രങ്ങൾ വരച്ചുനൽകിയതിൽനിന്ന് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. പരിപാടിയിൽ ആകർഷണമായി ഡാവിഞ്ചി സുരേഷ് നിർമിച്ച പ്രളയശിൽപവും എത്തിയിരുന്നു. പ്രശസ്ത കാർട്ടൂണിസ്റ്റ് പി.വി. കൃഷ്ണൻ കാർട്ടൂൺ വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തെ പ്രളയത്തിൽനിന്നുയർത്തുന്ന അമ്മയായി മുഖ്യമന്ത്രി പിണറായി വിജയനെ വരച്ചതായിരുന്നു ചിത്രം. കേരള ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ കാരക്കാമണ്ഡപം വിജയകുമാർ, എബി എൻ. ജോസഫ്, കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി സുധീർനാഥ്, േപ്രാഗ്രാം കോഓഡിനേറ്റർ സജീവ് ശൂരനാട് എന്നിവർ നേതൃത്വം നൽകി. ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നും നാെളയും മ്യൂസിയം വളപ്പിൽ കാനായി കുഞ്ഞിരാമൻ, വി.ഡി. ദത്തൻ, കാട്ടൂർ നാരായണപിള്ള തുടങ്ങിയവർ ചിത്രരചന നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 15 ലക്ഷം രൂപയാണ് ചിത്രകാരന്മാർ ലക്ഷ്യംവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.