താൽക്കാലിക ജീവനക്കാർക്കുവേണ്ടി സ്​ഥിരം ജീവനക്കാരുടെ യൂനിയൻ വേണ്ടെന്ന്​ തച്ചങ്കരി

തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ സ്ഥിരം ജീവനക്കാരുടെ യൂനിയനുകൾക്ക് അവകാശമില്ലെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി ടോമിൻ ജെ.തച്ചങ്കരി. കെ.എസ്.ആർ.ടി.സിയിൽ ബോണസ് വിതരണം നടത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ സമരം ചെയ്യാൻ ട്രേഡ് യൂനിയനുകൾക്ക് അവകാശമില്ല. ആവശ്യമില്ലാത്ത തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. യൂനിയനുകൾ സമരത്തിൽനിന്ന് പിന്മാറണം. നഷ്ടം കുറയ്ക്കൽ ലക്ഷ്യമിട്ടാണ് ഷെഡ്യൂളുകൾ വെട്ടിക്കുറച്ചത്. ഡീസൽ വില വർധന കെ.എസ്.ആർ.ടി.സിയുടെ ബാധ്യത കൂട്ടിയിട്ടുണ്ട്. വരുമാനമില്ലാത്ത സർവിസുകൾ റദ്ദാക്കിയില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകും. 10 ശതമാനം സർവിസ് മാത്രമേ കുറച്ചിട്ടുള്ളൂ. മറിച്ചുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും തച്ചങ്കരി കൂട്ടിച്ചേർത്തു. വർക്ഷോപ്പുകളിലെ താൽക്കാലിക വിഭാഗം ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരെ ഭരണാനുകൂല സംഘടനകളടക്കം ഉൾപ്പെടുന്ന സംയുക്ത ട്രേഡ് യൂനിയൻ സമരസമിതി വ്യാഴാഴ്ച മുതൽ ചീഫ് ഒാഫിസിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹസമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എം.ഡി നിലപാട് വിശദീകരിച്ചത്. തിങ്കളാഴ്ച സംയുക്ത ട്രേഡ് യൂനിയൻ സമരസമിതി നോട്ടീസ് നൽകിയിരുന്നു. െക.എസ്.ആർ.ടി.ഇ.എ.സി (സി.െഎ.ടി.യു), കെ.എസ്.ടി.ഡബ്ല്യു.യു (െഎ.എൻ.ടി.യു.സി), കെ.എസ്.ടി.ഇ.യു (എ.െഎ.ടി.യു.സി), കെ.എസ്.ടി.ഡി.യു എന്നീ സംഘടനകളാണ് സംയുക്ത സമരസമിതിയിലുള്ളത്. മെക്കാനിക്കല്‍ വിഭാഗത്തിലെ ബ്ലാക്ക് സ്മിത്ത്, അപ്‌ഹോഴ്സ്റ്റര്‍, പെയിൻറര്‍ എന്നിങ്ങനെ എം പാനൽ വിഭാഗത്തിലുള്ള 250ഒാളം പേരെയാണ് സെപ്റ്റംബർ ഒന്നുമുതൽ ജോലിയിൽനിന്ന് മാറ്റിനിർത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.