പുതുകേരളം: 11മുതൽ 15 വരെ ജില്ലയിൽ ധനസമാഹരണം

തിരുവനന്തപുരം: സംസ്ഥാനത്തി​െൻറ പുനർനിർമാണത്തിന് ഈ മാസം 11 മുതൽ 15 വരെ ജില്ലയിൽ ധനസമാഹരണം നടത്തും. പൊതുജനങ്ങൾ, സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവരിൽനിന്ന് കഴിയാവുന്നത്ര ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്ര​െൻറ നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ വഴിയാകും ഫണ്ട് ശേഖരണം. സംസ്ഥാനത്തെ ഓരോ ആളെയും പങ്കാളിയാക്കി പുതിയ കേരളം സൃഷ്ടിക്കുകയാണ് ഫണ്ട് ശേഖരണത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് കലക്ടറേറ്റിൽ ചേർന്ന ജില്ലതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പറഞ്ഞു. നിർബന്ധപൂർവമുള്ള പിരിവല്ല, ഓരോ വ്യക്തിക്കും കഴിയാവുന്ന സഹായം എന്നതാണ് ലക്ഷ്യംവെക്കുന്നത്. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ശേഖരിക്കുന്ന തുക താലൂക്ക് അടിസ്ഥാനത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഫണ്ട് ശേഖരണവും ദുരന്തനിവാരണ പ്രവർത്തനങ്ങളും അവലോകനം ചെയ്യുന്നതിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്, സ്ഥിരം സമിതി ചെയർമാന്മാർ, മേയർ, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷന്മാർ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ എന്നിവരുടെ യോഗം അഞ്ചിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ഓരോ വകുപ്പും ഫണ്ട് ശേഖരണത്തിന് സ്വീകരിക്കുന്ന പദ്ധതി യോഗത്തിൽ അവതരിപ്പിക്കണമെന്ന് കലക്ടർ ഡോ.കെ. വാസുകി നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.