ആദിവാസി ഫണ്ട് വകമാറ്റി റോഡ് നിർമാണത്തിന്

തിരുവനന്തപുരം: ആദിവാസികളുടെ ജീവിതോപാധിക്കും വരുമാനവർധനക്കുമുള്ള പദ്ധതികൾക്ക് കേന്ദ്രം അനുവദിച്ച കോർപസ് ഫണ്ട് വകമാറ്റി റോഡ് നിർമാണത്തിന്. ആദിവാസി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഏഴ്കോടി രൂപ അനുവദിച്ചതിൽ 2.64 കോടി അട്ടപ്പാടിക്കാണ്. അഗളി ഗ്രാമപഞ്ചായത്തിലെ താന്നിക്കടവ്-ചിണ്ടക്കി റോഡ് നിർമാണത്തിന് 1.20 കോടി നീക്കിവെച്ചു. പാലക്കാട് പുതുശേരി നെടുമ്പതി കോളനിയിൽ കമ്യൂണിറ്റി ഹാൾ നിർമാണത്തിന് 56.68 ലക്ഷവും കോഴിക്കോട് ചെക്കാട് ഗ്രാമപഞ്ചായത്തിലെ റോഡ് ടാർ ചെയ്യുന്നതിന് 24.50 ലക്ഷവും അനുവദിച്ചു. ഇതെല്ലാം വകമാറ്റി ചെലവഴിക്കലാണെന്ന് ആദിവാസിസംഘടനകൾ പറയുന്നു. അട്ടപ്പാടി ഫാമിങ് സൊസൈറ്റിക്ക് കീഴിൽ ഫാം ടൂറിസം ശക്തിപ്പെടുത്തുന്നതിന് 54.56 ലക്ഷം ചെലവഴിക്കും. കോർപസ് ഫണ്ടിലെ 'ക്രിട്ടിക്കൽ ഗ്യാപ് ഫില്ലിങ്' ഫണ്ടിൽനിന്നാണ് ഇതിന് തുക നീക്കിവെക്കുന്നത്. സൊസൈറ്റിയിലെ കാർഷികപ്രവർത്തനങ്ങൾക്ക് 90 ലക്ഷവും അനവദിച്ചു. നീലഗിരി ബയോസ്പിയർ റിസർവിലെ ആദിവാസികളുടെ സുസ്ഥിര ജീവിതപദ്ധതികൾ നടപ്പാക്കുന്നതിന് 1.22 കോടിയും അനുവദിച്ചു. അഗസ്ത്യമല റിസർവിലെ ആദിവാസികൾക്ക് 42.75 ലക്ഷം അനുവദിച്ചിട്ടുണ്ട്. വയനാട് പൂക്കോട് സുഗന്ധഗിരി ആദിവാസി പുരനധിവാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് 1.20 കോടി രൂപയുടെ പദ്ധതി റിപ്പോർട്ട് നൽകിയിരുന്നു. ആദിവാസി പുനരധിവാസ മിഷൻ കോഫി പ്ലാേൻറഷൻ വികസനത്തിനാണ് തുക അനുവദിച്ചത്. ഭൂരഹിതരായ 90 ആദിവാസികളെ പുനരധിവസിപ്പിച്ച മേഖലയുടെ വികസനത്തിന് ഇത് ഉപയോഗിക്കും. പൂക്കോട് സുഗന്ധഗിരി പുനരധിവാസ മേഖലയിലെ കാർഷികവികസനത്തിനായി 30.92 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. വയനാട് അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ മീനങ്ങാടിയിലെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് 32.56 ലക്ഷവും അനുവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.