'കണ്ണീരൊപ്പാൻ കണ്ണനോടൊപ്പം' ദുരിതബാധിതർക്കായി പ്രാർഥിച്ച് ശ്രീകൃഷ്ണജയന്തി ആഘോഷം

തിരുവനന്തപുരം: പ്രളയദുരിതത്തി​െൻറ പശ്ചാത്തലത്തിൽ പതിവ് ആഘോഷങ്ങൾ ഒഴിവാക്കി ദുരിതബാധിതർക്കായി പ്രാർഥിച്ച് ശ്രീകൃഷ്ണ ജയന്തി ആഘോഷം. വിവിധ ക്ഷേത്രങ്ങൾക്കു മുന്നിൽ 'കണ്ണീരൊപ്പാൻ കണ്ണനോടൊപ്പം' എന്ന പേരിൽ പ്രാർഥനായജ്ഞം നടത്തിയായിരുന്നു ബാലഗോകുലത്തി​െൻറ ആഘോഷം. തലസ്ഥാനത്ത് 128 കേന്ദ്രങ്ങളിൽ പ്രാർഥന നടന്നു. ദുരിതബാധിതരെ സഹായിക്കാൻ ധനസമാഹരണവും നടത്തി. ശോഭായാത്രയുടെ നടത്തിപ്പിനും മറ്റുമായി സമാഹരിച്ച തുക ദുരിതബാധിതപ്രദേശങ്ങളിലെ കുട്ടികൾക്ക് നൽകും. സേവാഭാരതി വഴിയാകും സഹായം നൽകുകയെന്നും ബാലഗോകുലം ഭാരവാഹികൾ പറഞ്ഞു. നാമജപയാത്രയിലും യോഗത്തിലും നിരവധിപേർ അണിനിരന്നു. ആർ.എസ്.എസ് നേതാവ് സേതുമാധവൻ, ബാലഗോകുലം സംസ്ഥാന സെക്രട്ടറി ബി. ഹരികുമാർ, കെ. സുനിൽ, ബി. നാരായണശർമ എന്നിവർ നേതൃത്വം നൽകി. ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി മറ്റ് സാംസ്‌കാരിക രാഷ്ട്രീയ സംഘടനകൾ നടത്താനിരുന്ന സാംസ്‌കാരിക ഘോഷയാത്രകളും വേണ്ടെന്നുെവച്ചു. തലസ്ഥാനത്തെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ നടന്ന ലക്ഷാർച്ചനയിലും വിശേഷാൽപൂജകളിലും വലിയ തിരക്കനുഭവപ്പെട്ടു. പൂഴിക്കുന്ന് തൃക്കണ്ണാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ രാവിലെ എട്ടിന് ഉത്സവകൊടിയേറ്റും ഒമ്പതിന് ലക്ഷാർച്ചനയും രാത്രി സംഗീതക്കച്ചേരിയും നടന്നു. മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും ദർശനത്തിനായി ഭക്തജനങ്ങൾ ഒഴുകിയെത്തി. ശ്രീകാര്യം ചെറുവയ്ക്കൽ നമ്പിയ്ക്കൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ രാവിലെ ആറിനായിരുന്നു ലക്ഷാർച്ചന. ഉച്ചക്ക് ജന്മദിനസദ്യയും രാത്രി ഭജനയും നടന്നു. അമ്പലമുക്ക് പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഖണ്ഡനാമജപവും ഉറിയടിയും എഴുന്നെള്ളത്തും നടന്നു. ചെമ്പഴന്തി അണിയൂർ തച്ചിങ്ങൽ മഹാവിഷ്ണുക്ഷേത്രത്തിലെ പാൽപായസപൊങ്കാല ഭക്തിനിർഭരമായി. ശ്രീകാര്യം പുലിയൂർക്കോട് ക്ഷേത്രത്തിൽ പാൽപായസ പൊങ്കാല, അഖണ്ഡനാമജപം, ഉറിയടി എന്നിവ നടന്നു. കേളമംഗലം മഹാവിഷ്ണുക്ഷേത്രം, പൗഡിക്കോണം ശ്രീകൃഷ്ണപുരം മഹാവിഷ്ണുക്ഷേത്രം, പുല്ലാനിവിള മേനല്ലൂർ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലെ അഷ്ടമി രോഹിണി ഉത്സവവും ആഘോഷമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.