കഴക്കൂട്ടം: ആക്കുളം നിഷിന് സമീപത്തെ ഗ്രേറ്റ് ഇന്ത്യ മജസ്റ്റിക് എന്ന സ്വകാര്യ ഫ്ലാറ്റിലെ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിവിടുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഫ്ലാറ്റിലെ ഗേറ്റുകൾ പൂട്ടിയിട്ട് പ്രതിഷേധിച്ചു. 300 ഓളം കുടുംബങ്ങൾ താമസിക്കുന്ന കുന്നക്കോട് റോഡിലാണ് കക്കൂസ് മലിനജലം ഒഴുക്കിവിടുന്നത് ഇതിനു സമീപമാണ് നിഷ് സ്ഥിതി ചെയ്യുന്നത്. റോഡിലൂടെ ഒഴുകുന്ന മലിനജലം നിഷ് കാമ്പസിനുള്ളിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതിനെതിരെ നാട്ടുകാർ നിരവധി തവണ പ്രതിഷേധിച്ചെങ്കിലും ഫ്ലാറ്റ് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പ്രതിഷേധവുമായെത്തിയത്. ശ്രീകാര്യം തുമ്പ സ്റ്റേഷനുകളിൽനിന്ന് പൊലീസ് എത്തി നാട്ടുകാരുമായി സംസാരിെച്ചങ്കിലും നാട്ടുകാർ വഴങ്ങിയില്ല. ഫ്ലാറ്റ് അധികാരികൾ എത്തി ഇതിന് പരിഹാരം കാണതെ പിരിഞ്ഞുപോകില്ലെന്ന് നാട്ടുകാർ പറഞ്ഞു. കഴക്കൂട്ടം അസിസ്റ്റൻറ് കമീഷണർ അനിൽ കുമാർ, തുമ്പ എസ്.ഐ പ്രതാപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ഫ്ലാറ്റ് അധികൃതരുമായി നടത്തിയ ചർച്ചയിൽ ഫ്ലാറ്റിനുള്ളിൽ കെട്ടിനിൽക്കുന്ന കക്കൂസ് മാലിന്യം നഗരസഭയുടെ സഹായത്താൽ നീക്കം ചെയ്യാമെന്നും രണ്ടാഴ്ചക്കുള്ളിൽ സ്ഥായിയായ പരിഹാരം കാണാമെന്നുമുള്ള ഉറപ്പിന്മേൽ നാട്ടുകാർ പിരിഞ്ഞുപോകുകയായിരുന്നു. 40 കുടുംബങ്ങളാണ് ഫ്ലാറ്റിൽ താമസിക്കുന്നത്. ഫ്ലാറ്റ് മുഴുവൻ വിറ്റുപോയെങ്കിലും മാലിന്യം കാരണം പലരും ഇവിടെ താമസിക്കുന്നില്ല. ഒരാഴ്ചക്കുമുമ്പ് നഗരസഭ ആരോഗ്യ വിഭാഗം മാലിന്യ വിഷയത്തിൽ ഫ്ലാറ്റ് അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു. പരാതി കിട്ടിയാൽ ഫ്ലാറ്റിനെതിരെ കേസ് എടുക്കുമെന്ന് കഴക്കൂട്ടം അസിസ്റ്റൻറ് കമീഷണർ അനിൽ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.