ഒറ്റത്തോർത്തുടുത്താണ്​ അവർ 200ഒാളംപേരെ രക്ഷിച്ചത്​

തിരുവനന്തപുരം: ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സേനകള്‍ നടത്തിയ പ്രവര്‍ത്തനം നാടിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റത്തോര്‍ത്തുടുത്ത് 200 ഓളം പേരെ രക്ഷിച്ച എസ്.ഐമാര്‍ ഉള്‍പ്പെടെ സേനയിലുണ്ടായിരുന്നു. ആശ്രയിക്കാന്‍ കഴിയുന്നവരാണ് രക്ഷാസേനയിലുള്ളവരെന്ന് ഓരോ അംഗവും തെളിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത പൊലീസ്, അഗ്നിശമനസേന, എക്‌സൈസ്, ജയില്‍, വനം, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ത്തവിനിമയ സംവിധാനം തകരാറിലായപ്പോള്‍ പൊലീസ്, ഇൻറലിജന്‍സ് സംവിധാനമാണ് ഉപയോഗിച്ചത്. അഗ്നിശമനസേനയുടെ കമ്യൂണിറ്റി െറസ്‌ക്യൂ വളൻറിയര്‍മാരുടെ എണ്ണമുയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന് വേണ്ടി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, എക്‌സൈസിനായി കമീഷണര്‍ ഋഷിരാജ് സിങ്, അഗ്നിശമനസേനക്കായി ഡി.ജി.പി എ. ഹേമചന്ദ്രന്‍, വനംവകുപ്പിനായി മുഖ്യവനപാലകന്‍ പി.കെ. കേശവന്‍, ജയില്‍ വകുപ്പിനായി ഡയറക്ടര്‍ ആര്‍. ശ്രീലേഖ, മോട്ടോര്‍ വാഹന വകുപ്പിനുവേണ്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ കെ. പത്മകുമാര്‍ എന്നിവര്‍ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. വിവിധ സേനവിഭാഗങ്ങള്‍ അണിനിരന്ന പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. ഇസൂസു കമ്പനി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സൗജന്യമായി നല്‍കിയ അഞ്ച് വി ക്രോസ് പിക്-അപ്ട്രക്കുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി നിര്‍വഹിച്ചു. മന്ത്രി കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ്, ഡോ. ശശി തരൂര്‍ എം.പി, കെ. മുരളീധരന്‍ എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റു സേനകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.