തിരുവനന്തപുരം: ഹജ്ജ് യാത്രക്കുള്ള കേന്ദ്രങ്ങളായി കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ അംഗീകരിക്കണമെന്ന് സിവിൽ-വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവളത്തിെൻറ റൺവേ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം താൽക്കാലികമായി കൊച്ചിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, കോഴിക്കോട്ട് വലിയ വിമാനം ഇറങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. മലബാറിൽനിന്നുള്ള ഹജ്ജ് തീർഥാടകരിൽ അധികവും കോഴിക്കോട് വിമാനത്താവളമാണ് ഉപയോഗിച്ചിരുന്നത്. കണ്ണൂർ വിമാനത്താവളം വാണിജ്യ സർവിസിന് ഒരുങ്ങുന്ന സാഹചര്യത്തിൽ കണ്ണൂരിനെ കൂടി എംബാർക്കേഷൻ കേന്ദ്രമായി അംഗീകരിക്കണം. കോഴിക്കോടിന് തെക്കുള്ള യാത്രക്കാർക്ക് കോഴിക്കോട് വിമാനത്താവളവും വടക്കുള്ള യാത്രക്കാർക്ക് കണ്ണൂർ വിമാനത്താവളവും സൗകര്യപ്രദമാണ്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലുള്ളവർക്കും അയൽ സംസ്ഥാനമായ കർണാടകത്തിലെ മംഗലാപുരം, കുടക്, മൈസൂർ എന്നിവിടങ്ങളിലുളളവർക്കും കണ്ണൂർ വിമാനത്താവളമാണ് സൗകര്യം. അതിനാൽ കണ്ണൂർ വിമാനത്താവളം കൂടി ഹജ്ജ് കേന്ദ്രമായി അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ന്യൂനപക്ഷമന്ത്രി മുക്താർ അബ്ബാസ് നഖ്വിക്കും മുഖ്യമന്ത്രി കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.