തിരുവനന്തപുരം: 'എല്ലാവർക്കും സുരക്ഷിതഭവനം' ലക്ഷ്യവുമായി സംസ്ഥാനസർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിയിലൂടെ 123 ആദിവാസികുടുംബങ്ങൾക്ക് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സുരക്ഷിതഭവനമൊരുക്കുന്നു. ബ്ലോക്കിന് കീഴിലെ ആദിവാസിമേഖലകളായ കുറ്റിച്ചൽ, വിതുര, തൊളിക്കോട്, ഉഴമലയ്ക്കൽ, പൂവച്ചൽ, ആര്യനാട്, വെള്ളനാട് എന്നീ പ്രദേശങ്ങളിലാണ് വീടുകളുടെ നിർമാണം പൂർത്തിയായത്. 2007 മുതൽ 2016 വരെയുള്ള കാലയളവിൽ വിവിധ പദ്ധതികളിലായി വീടുവെക്കാൻ സഹായം ലഭിച്ചിട്ടും പൂർത്തിയാകാത്ത പട്ടികവർഗക്കാരുടെ വീടുകൾക്കാണ് ഇപ്പോൾ 'ലൈഫി'ലൂടെ പുതുജീവൻ ലഭിച്ചത്. ഓരോ ഗുണഭോക്താവിനും പരമാവധി നാലുലക്ഷം രൂപയാണ് വീടുവെക്കാനായി നൽകിയത്. ഇതിൽ ആദിവാസി ഊരുകളിൽ താമസിക്കുന്നവർക്ക് ചെലവിന് ആനുപാതികമായി പരമാവധി ആറുലക്ഷം രൂപ വരെ നൽകിയതായി ബ്ലോക്ക് പ്രസിഡൻറ് എസ്.എസ്. അജിതകുമാരി പറഞ്ഞു. ബ്ലോക്കിന് കീഴിൽ എട്ട് പഞ്ചായത്തുകളാണുള്ളത്. ഇതിൽ കുറ്റിച്ചൽ, വിതുര പഞ്ചായത്തുകളിൽ നല്ലൊരു ശതമാനവും പട്ടികവർഗക്കാരാണ്. ഈ രണ്ടുപഞ്ചായത്തുകളിൽ മാത്രമായി 83 വീടുകൾ പൂർത്തീകരിക്കാനായതായും പ്രസിഡൻറ് വ്യക്തമാക്കി. കുറ്റിച്ചൽ-48, വിതുര-35, തൊളിക്കോട്-23, ആര്യനാട്-13, വെള്ളനാട്-രണ്ട്, പൂവച്ചൽ, ഉഴമലയ്ക്കൽ പഞ്ചായത്തുകളിൽ ഒന്നുവീതം എന്നീ ക്രമത്തിലാണ് വീടുകൾ നിർമിച്ചുനൽകിയത്. താൽക്കാലിക ഷെഡുകളിലാണ് കൂടുതൽ പേരും താമസിച്ചിരുന്നത്. വീടുെവച്ച് നൽകാമെന്ന് അറിയിച്ചിട്ടും വിമുഖത കാട്ടിയ ഇവരെ പഞ്ചായത്ത് അധികൃതർ നിരന്തരം സന്ദർശിക്കുകയും ബോധവത്കരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.