തിരുവനന്തപുരം: പ്രളയക്കെടുതിയിൽനിന്ന് കരകയറുന്ന കേരളത്തിലേക്ക് സഹായം പ്രവഹിക്കുന്നു. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും തലസ്ഥാനത്തേക്ക് അയക്കുന്ന അവശ്യവസ്തുക്കൾ ജില്ല ഭരണകൂടം തരംതിരിച്ച് സൂക്ഷിക്കുകയും, ആവശ്യാനുസരണം വിവിധ ജില്ലകളിലേക്ക് അയക്കുകയും ചെയ്യുന്നുണ്ട്. കലക്ടറുടെ നേതൃത്വത്തിൽ ആയിരത്തോളം സന്നദ്ധപ്രവർത്തകരാണ് ഇതിന് ചുക്കാൻപിടിക്കുന്നത്. വിമാനത്തിലും ട്രെയിനിലുമായി ജില്ലയിൽ എത്തുന്ന സാധനങ്ങൾ നഗരത്തിലെ നാല് കേന്ദ്രങ്ങളിലാണ് സംഭരിക്കുന്നത്. തമ്പാനൂർ റെയിൽവേ കല്യാണമണ്ഡപം, ജഗതിയിലെ കോഓപറേറ്റിവ് ടവർ, വിമൻസ് കോളജ്, ഓൾ സെയ്ൻറ്‌സ് കോളജ് എന്നിവിടങ്ങളിലാണ് സംഭരണ കേന്ദ്രങ്ങൾ. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് റെയിൽവേ മാർഗം എത്തുന്ന സാധനങ്ങൾ അധികവും റെയിൽവേ കല്യാണമണ്ഡപത്തിലും നഗരസഭ ടവറിലുമാണ് സൂക്ഷിക്കുന്നത്. പ്രളയബാധിത ജില്ലകളിൽ നിലവിൽ ആവശ്യത്തിന് വസ്തുക്കൾ എത്തിയിട്ടുള്ളതിനാൽ ഇവയുടെ വിതരണം പൂർത്തിയാകുന്ന മുറയ്‌ക്കേ തിരുവനന്തപുരത്തുനിന്നു സാധനങ്ങൾ അയക്കുകയുള്ളൂ. കുടിവെള്ളക്ഷാമം രൂക്ഷമായ ആലപ്പുഴയിലേക്ക് 36 ലോഡ് വെള്ളം അയച്ചു. കുട്ടനാട്ടിലെ പഞ്ചായത്തുകളിലേക്ക് അയക്കുന്ന ഇവ പഞ്ചായത്ത് സെക്രട്ടറിമാർക്ക് കൈമാറും. കുട്ടികൾക്കുള്ള ഭക്ഷണം, വസ്ത്രങ്ങൾ, ഡയപ്പറുകൾ, തൊപ്പി, ബെഡ് ഷീറ്റ്, ബ്ലാങ്കറ്റ്, ടീഷർട്ട്, പാൻറ്‌സ്, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, സാനിറ്ററി നാപ്കിൻ, അരി, പഞ്ചസാര, തേയില, കാപ്പിപ്പൊടി, പായ, ഈന്തപ്പഴം, മെഴുകുതിരി, നൂഡിൽസ്, ടിന്നിലാക്കിയ ഭക്ഷണ പദാർഥങ്ങൾ, അവൽ, സോപ്പ്, പേസ്റ്റ്, ബ്രഷ്, പാത്രങ്ങൾ, മാവ്, ക്ലീനിങ് ഉപകരണങ്ങൾ, ഓയിൽ, കുപ്പിവെള്ളം, ജ്യൂസ് തുടങ്ങിയവയാണ് ഇപ്പോൾ എത്തുന്നത്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് അരിയും സവാള അടക്കമുള്ള വസ്തുക്കളും എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.